പി ചിദംബരം അറസ്റ്റിലായപ്പോള്‍ പാര്‍ലെ ജി പരസ്യത്തിലെ പെണ്‍കുട്ടിയ്ക്ക് സംഭവിച്ചതെന്ത്?

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സമ്പദ്ഘടന തന്നെ നിരോധിച്ചു കളയുമോ?

ദൂരദര്‍ശന്‍ കാലം മുതല്‍ ടെലിവിഷന്‍ കണ്ട് വളര്‍ന്ന തലമുറയ്‌ക്കെല്ലാം പരിചിതമായ പാര്‍ലെ ജിയുടെ റാപ്പറിന്റെയും അതിലെ പെണ്‍കുട്ടിയുടെയും ചിത്രം വീണ്ടും കണ്ട ഒരു ദിനമാണ് കടന്നു പോയത്. ഇന്ത്യയിലെ ബിസ്‌കറ്റ് ഭീമനായ പാര്‍ലെ പതിനായിരത്തോളം തൊഴിലാളികളെ പിരിച്ചു വിടാനൊരുങ്ങുന്ന എന്ന തലക്കെട്ടോടെയുള്ള വാര്‍ത്തയ്‌ക്കൊപ്പമായിരുന്നു ആ ഗൃഹാതുര ചിത്രത്തിന്റെ പുനഃപ്രവേശം. പാര്‍ലെ കമ്പനിയുടെ ഫാക്ടറികളിലും ഓഫീസുകളിലുമായി ഒരു ലക്ഷത്തോളം ജീവനക്കാരാണ് തൊഴിലെടുക്കുന്നത്. ഇരുനൂറ്റമ്പതോളം സ്വകാര്യ ഫാക്ടറികള്‍ക്ക് കമ്പനി ബിസ്‌കറ്റ് നിര്‍മാണത്തിന്റെ പുറംകരാര്‍ കൊടുത്തിട്ടുമുണ്ട്. അവിടേയ്ക്കുള്ള ഓര്‍ഡറുകളും അതുവഴി ഉല്പാദനവും കുറയ്ക്കുക കൂടി ചെയ്താല്‍ വലിയ തിരിച്ചടിയായിരിക്കും ഇത് ഇന്ത്യയിലെ തൊഴില്‍ മേഖലയിലും സാമ്പത്തിക മേഖലയിലും ഉണ്ടാക്കുക.

ഇന്ത്യന്‍ കാര്‍ വിപണിയും വാഹന വിപണി മൊത്തത്തിലും തിരിച്ചടി നേരിടുകയാണെന്ന വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിട്ട് കുറെ ദിവസങ്ങളായി. സാമ്പത്തികമായി എന്തെങ്കിലും ഉയര്‍ച്ചയുണ്ടായാല്‍ ഉടന്‍ കാര്‍ വാങ്ങുകയോ ഉള്ള കാര്‍ മാറ്റി പുതിയതാക്കുകയോ ഒക്കെ ചെയ്യുന്ന സ്വഭാവമുള്ള മധ്യവര്‍ഗ ഇന്ത്യക്കാരന്‍ ജീവിച്ചിരിക്കുമ്പോള്‍ കാര്‍വിപണി തളര്‍ച്ച നേരിടണമെങ്കില്‍ അത് നല്‍കുന്ന സന്ദേശ വളരെ കൃത്യമാണ്. സാമ്പത്തികമായി അത്രവലിയ പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നു പോവുന്നത്. ഇതിന് പിറകെ അടിവസ്ത്ര വിപണയുടെയും ഓഹരി വിപണിയുടെയും ഒക്കെ കഥകള്‍ ഒന്നിനു പിറകെ ഒന്നായി വന്നു. ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോവുന്നതെന്ന നിതി ആയോഗിന്റെ പ്രസ്താവനയും വന്നു കഴിഞ്ഞു.

പക്ഷേ ഇതിനിടയില്‍ ഈ സാമ്പത്തിക പ്രതിസന്ധിയുടെ നേര്‍സാക്ഷ്യം പറയുന്ന പാര്‍ലെ ജിയിലെ പെണ്‍കുട്ടിയുടെ ചിത്രം ഏതാനും ചില മാധ്യമങ്ങളില്‍ മാത്രമായി ഒതുങ്ങിപ്പോയി. അച്ചടി മാധ്യമങ്ങള്‍ക്കും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും മാത്രമാണ് അത് ചെറുതായിട്ടെങ്കിലും കാണിക്കാന്‍ കഴിഞ്ഞത്. ദൃശ്യമാധ്യമങ്ങള്‍ക്ക് അത് കാണിക്കാനേ കഴിഞ്ഞില്ല. അവരെല്ലാം പി ചിദംബരത്തിന്റെ നാടകീയ അറസ്റ്റിന് പിന്നാലെയായിരുന്നു. ഇന്ത്യയിലെ ആ സുപ്രധാന രാഷ്ട്രീയ വാര്‍ത്ത അവഗണിച്ച് ഒരു വാര്‍ത്താ ചാനലിനും മുന്നോട്ട് പോകാനാവില്ലല്ലോ. അത് തന്നെയാണ് ചി ചിദംബരത്തിന്റെ അറസ്റ്റ് കൊണ്ട് ഈ രാജ്യം ഭരിക്കുന്നവര്‍ ഉദ്ദേശിച്ചതും. അറസ്റ്റ് ആസൂത്രണം ചെയ്തവരും മുകളില്‍ പറഞ്ഞ സാമ്പത്തിക പ്രതിസന്ധിക്ക് ഉത്തരം പറയേണ്ടവരും ഒരേ ആളുകള്‍ തന്നെയാവുമ്പോള്‍ ഇങ്ങനെയാണ് വിഷയങ്ങള്‍ മാനേജ് ചെയ്യുക. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനേക്കാള്‍ എളുപ്പം രാജ്യത്ത് ആ വിഷയം ചര്‍ച്ച ചെയ്യപ്പെടുന്നത് തടയലാണ്.

പി ചിദംബരം അറസ്റ്റ് ചെയ്യപ്പെടാന്‍ പാടാത്ത ആളൊന്നുമല്ല. ഇതിനു മുമ്പു തന്നെ അറസ്റ്റ് ചെയ്യപ്പെടേണ്ടിയിരുന്നയാളാണെന്ന് അഭിപ്രായവുമുണ്ട്. പക്ഷേ ഇപ്പോഴത്തെ ഈ ടൈമിംഗ് ഒരു വല്ലാത്ത ടൈംമിംഗാണ്. മാത്രമല്ല, അറസ്റ്റ് സെലക്ടീവുമാണ്. ചിദംബരം അറസ്റ്റു ചെയ്യപ്പെട്ട ഐഎന്‍എക്‌സ് മീഡിയ കേസില്‍ അതിനേക്കാള്‍ പ്രധാന പ്രതികളൊന്നും അറസ്റ്റിലായിട്ടില്ല. ഇതല്ലാതെ രാജ്യത്ത് നിരവധി സിബിഐ കേസുകളില്‍ പ്രതികളായ അനേകം രാഷ്ട്രീയ നേതാക്കളുണ്ട്. അതില്‍ മുന്‍പ് കോണ്‍ഗ്രസിലുണ്ടായിരുന്നവരും ഇപ്പോള്‍ ബിജെപിയിലേക്ക് മാറിയവരുമായ ആളുകളുണ്ട്. അവര്‍ക്കെതിരായ കേസുകളുടം അന്വേഷണമൊക്കെ ഇപ്പോള്‍ എവിടെയെത്തി എന്ന് നോക്കിയാല്‍ കാണാം ബിജെപിയുടെയും ആര്‍എസ്എസിന്റെയും മോദിയുടെയും അമിത്ഷായുടെയുമൊക്കെ അഴിമതി വിരുദ്ധതയുടെ യഥാര്‍ത്ഥ രൂപം. ചിദംബരത്തിന്റെ കാര്യത്തില്‍ ഒരു വ്യത്യാസമേയുള്ളൂ. ചിദംബരം ബിജെപിയിലേക്ക് പോയിട്ടില്ല. ഇതില്‍ ചര്‍ച്ചകള്‍ വഴി തിരിച്ചു വിട്ടതിന് പുറമെ മറ്റൊരു രാഷ്ട്രീയ നേട്ടം കൂടി ബിജെപി സ്വന്തമാക്കിയിട്ടുണ്ട്. ബിജെപിയിലേക്ക് മാറിയാല്‍ നിങ്ങളെത്ര വലിയ അഴിമതിക്കാരനാണെങ്കിലും സംരക്ഷിക്കപ്പെടുമെന്നും ബിജെപിയെ എതിര്‍ത്താല്‍ നിങ്ങളെത്ര ഉന്നതനാണെങ്കിലും അകത്ത് കിടക്കേണ്ടി വരുമെന്നുമുള്ള സന്ദേശം രാഷ്ട്രീയ എതിരാളികള്‍ക്ക് കൊടുത്തു.

സെലക്ടീവ് അഴിമതി വിരുദ്ധതയ്ക്ക് ഇനിയുമുണ്ട് നിരവധി ഉദാഹരണങ്ങള്‍. ചിദംബരം അറസ്റ്റിലാവുന്നതിന് കൃത്യം രണ്ടു മാസം മുന്‍പാണ് രാജ്യസഭയിലെ ആറ് ടിഡിപി എംപിമാരില്‍ നാലുപേര്‍ ബിജെപിയില്‍ ചേര്‍ന്നത്. അതില്‍ രണ്ടുപേര്‍ വെ എസ് ചൗധരിയും സി എം രമേഷും. ചിദംബരം നേരിടുന്നതിന് സമാനമായ ആരോപണവും കേസുകളും നേരിടുന്നവര്‍. കമ്പനികള്‍ വഴി സാമ്പത്തിക തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും നികുതി വെട്ടിപ്പും നടത്തി. ബിജെപിയില്‍ ചേരുന്നതിന് തലേന്നു വരെ രണ്ടുപേരുടെയും വസതികളിലും സ്ഥാപനങ്ങളിലുമൊക്കെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും മറ്റ് കേന്ദ്ര അന്വേഷണ ഏജന്‍സികളുടെയും പരിശോധനകള്‍ നടന്നിരുന്നു. ബിജെപി തന്നെ ഇരുവരെയും വിശേഷിപ്പിച്ചിരുന്നത് കള്ളപ്പണ മാഫിയയെന്നാണ്. അഴിമതിക്കാരായ ഇവരുടെ രാജ്യസഭാംഗത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാജ്യസഭാ എത്തിക്‌സ് കമ്മിറ്റിക്ക് മുന്‍പില്‍ പരാതി നല്‍കിയത് ബിജെപിയുടെ രാജ്യസഭാംഗം ജി വി എല്‍ നരസിംഹറാവുവാണ്. പക്ഷേ ഇവര്‍ ബിജെപിയിലെത്തിയതിന് ശേഷം വീട് പരിശോധനയുമില്ല, കേസന്വേഷണവുമില്ല, ബിജെപിയ്ക്ക് പരാതിയുമില്ല.

രാജ്യസഭയുടെ എത്തിക്‌സ് കമ്മിറ്റിയ്ക്ക് നല്‍കിയിരുന്ന പരാതിയുടെ ഇപ്പോഴത്തെ അവസ്ഥയെന്തെന്നറിയാന്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷ കൊടുത്ത് കാത്തിരുന്നാല്‍ ഒരുപക്ഷേ ഇനിയും രസകരമായ കാര്യങ്ങള്‍ പുറത്തു വരാനിടയുണ്ട്. അതുകൊണ്ടൊക്കെത്തന്നെയാണല്ലോ വിവരാവകാശ നിയമത്തില്‍ വെള്ളം ചേര്‍ക്കല്‍ കൂടി മോദി സര്‍ക്കാരിന്റെ ആദ്യ അജണ്ടകളില്‍ ഒന്നാവുന്നത്. എന്തായാലും ബിജെപിയിലേക്ക് മാറിയ മുന്‍ ടി ഡി പി എംപിമാരുടെ പേരിലുള്ള അന്വേഷണ നടപടികള്‍ നിലച്ച് അവര്‍ സുഖമായി ഉറങ്ങാന്‍ തുടങ്ങി രണ്ടു മാസം പിന്നിടുമ്പോള്‍ ബിജെപിയിലേക്ക് മാറാത്ത ചിദംബരം അറസ്റ്റിലായിട്ടുണ്ട്. അഴിമതി വിരുദ്ധതയിലും നിയമവാഴ്ച ഉറപ്പാക്കുന്നതിലുമൊക്കെയുള്ള ബിജെപിയുടെ പ്രതിബദ്ധത കണ്ടാല്‍ ആരായാലും ചിരിച്ചു പോവുകയേ ഉള്ളൂ.

ചിദംബരം അറസ്റ്റിലാവുന്നതിന് തലേന്നാണ് അനധികൃത ഖനന മാഫിയയുടെ വലം കയ്യായി അറിയപ്പെടുന്ന ബി ശ്രീരാമലുവിനെ എംഎല്‍എ പോലുമല്ലാതിരുന്നിട്ടും മന്ത്രിയാക്കി ഉള്‍പ്പെടുത്തി യെദിയൂരപ്പ കര്‍ണാടക മന്ത്രിസഭ വികസിപ്പിച്ചത്. നിയമസഭയിലിരുന്ന ഫോണില്‍ നീലച്ചിത്രം കണ്ടു രസിച്ചതിന് പണ്ട് പുറത്താക്കിയ രണ്ട് പേരെയും മന്ത്രിമാരാക്കി. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥാവട്ടെ കലാപക്കേസ് പ്രതിയെ കാബനറ്റ് റാങ്കിലേക്ക് ഉയര്‍ത്തിയാണ് നിയമവാഴ്ചയോടുള്ള പ്രതിബദ്ധത മുറുകെപ്പിടിച്ചത്. ബിജെപി എഎല്‍എമാരും നേതാക്കളുമൊക്കെ പ്രതികളായ സംസ്ഥാനത്തെ വര്‍ഗീയ കലാപക്കേസുകള്‍ പിന്‍വലിക്കാനും യോഗി സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അതായത് എന്ത് ക്രിമിനല്‍ കുറ്റം ചെയ്തതിന് ആരോപണം നേരിടുന്നവരായാലും നിയമവാഴ്ചയൊന്നുമല്ല ബിജെപിയുടെ പ്രശ്‌നം എന്ന് വ്യക്തമാണ്.

അപ്പോള്‍ പാര്‍ലെ ജി പെണ്‍കുട്ടിയുടെ ചിത്രം വരുമ്പോള്‍ ചിദംബരം അറസ്റ്റിലാവുക തന്നെ ചെയ്യും. സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് ചര്‍ച്ച ഉയരുന്നത് തടയുന്നതിന് പുറമെ രാഷ്ട്രീയ സന്ദേശം കൂടി നല്‍കാന്‍ കഴിയുകയാണെങ്കിലെന്താ പുളിക്കുമോ? അതുകൊണ്ടാണ് ഇതേ അവസരത്തില്‍ തന്നെ കശ്മീര്‍ സംഭവിക്കുന്നത്. കോയമ്പത്തൂരില്‍ ലഷ്‌കര്‍ എ ത്വയ്ബ എത്തുന്നത്. ഇനിയും എന്തൊക്കെ സംഭവിക്കും എന്ന് പറയാനാവില്ല. കള്ളപ്പണം തടയാന്‍ നോട്ട് നിരോധിച്ച പോലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സമ്പദ്ഘടന തന്നെ നിരോധിച്ചു കളയുമോ എന്ന് നോക്കിയാല്‍ മതി.

Exit mobile version