എച്ച്ഐവി ബാധിതനായ സൈനികന്‍ ലൈംഗികമായി ചൂഷണം ചെയ്തത് 70ല്‍ ഏറെ ആണ്‍കുട്ടികളെ; ഇരകളായത് 18 വയസില്‍ താഴെയുള്ള കൗമാരക്കാര്‍!

പ്രതിയുടെ വീട്ടില്‍നിന്ന് കണ്ടെടുത്ത ചില മരുന്നുകള്‍ ഇയാള്‍ എച്ച്‌ഐവി ബാധിതനാണെന്ന സംശയം ഉണര്‍ത്തി.

ബാങ്കോക്ക്: എച്ച്‌ഐവി ബാധിതനായ സൈനികന്‍ പീഡിപ്പിച്ചത് എഴുപതില്‍ ഏറെ കുട്ടികളെ. തായ്ലന്‍ഡ് സൈന്യത്തിലെ സെര്‍ജന്റ് മേജറായ ജക്രിത് ഖോംസാണ് കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തത്. മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സൈനികനെ പോലീസ് അറസ്റ്റ് ചെയ്തു. സാമൂഹികമാധ്യമങ്ങളിലൂടെ സൗഹൃദം സ്ഥാപിച്ചെടുത്തതിനുശേഷമാണ് പ്രതി കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയത്. 13നും 18 വയസ്സിനും ഇടയിലുള്ള ആണ്‍കുട്ടികളായിരുന്നു ഇയാളുടെ ഇരകള്‍.

കുട്ടികളുമായി സൗഹൃദം സ്ഥാപിക്കാന്‍ ഒട്ടേറെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകളും ഗേ ഡേറ്റിങ് ആപ്ലിക്കേഷനായ ബ്ലൂഡും ഉപയോഗിച്ചിരുന്നു. കുട്ടികളുമായി ചാറ്റിങിലൂടെ ബന്ധം സ്ഥാപിച്ചശേഷം നഗ്നചിത്രങ്ങള്‍ കൈമാറുകയും പിന്നീട് ലൈംഗികമായി പീഡിപ്പിക്കുന്നതുമായിരുന്നു ഇയാളുടെ രീതി. നഗ്നചിത്രങ്ങള്‍ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് മിക്ക കുട്ടികളെയും പീഡനത്തിനിരയാക്കിയത്.

പ്രതിയുടെ വീട്ടില്‍നിന്ന് കണ്ടെടുത്ത ചില മരുന്നുകള്‍ ഇയാള്‍ എച്ച്‌ഐവി ബാധിതനാണെന്ന സംശയം ഉണര്‍ത്തി. തുടര്‍ന്ന് എച്ച്‌ഐവി രോഗികള്‍ കഴിക്കുന്ന മരുന്നുകളാണിതെന്ന് പോലീസ് സംഘം സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ സൈനിക ഉദ്യോഗസ്ഥനില്‍നിന്ന് കുട്ടികളിലേക്ക് എച്ച്‌ഐവി ബാധ പകര്‍ന്നിട്ടുണ്ടാകുമോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.

Exit mobile version