‘കള്ളന്‍, കള്ളന്‍! ആണാണെങ്കില്‍ രാജ്യത്തോട് മാപ്പുപറ’; ഇന്ത്യയുടെ കളികാണാനെത്തിയ വിജയ് മല്യക്കെതിരെ ഇന്ത്യക്കാരുടെ പ്രതിഷേധം, വീഡിയോ

ഇന്ത്യയിലെ ബാങ്കുകളില്‍ നിന്ന് 9000 കോടി രൂപ വായ്പയെടുത്തു തിരിച്ചടയ്ക്കാതെ ബ്രിട്ടനിലേക്ക് മുങ്ങിയ മല്യ ലണ്ടനില്‍ അറസ്റ്റിലായിരുന്നു

ഓവല്‍: ഞായറാഴ്ച കെന്നിങ്ടണ്‍ ഓവല്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഇന്ത്യ-ഓസ്‌ട്രേലിയ ലോകകപ്പ് മത്സരം കാണാനെത്തിയ വിവാദ വ്യവസായി വിജയ് മല്യയ്ക്ക് നേരെ ഇന്ത്യക്കാരുടെ പ്രതിഷേധം, കള്ളനെന്ന് വിളിച്ചും ആണാണെങ്കില്‍ രാജ്യത്തോട് മാപ്പു പറ എന്നെല്ലാം വിളിച്ച് പറഞ്ഞാണ് ജനം പ്രതിഷേധം അറിയിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നുണ്ട്. മത്സരത്തിനു ശേഷം സ്റ്റേഡിയത്തിന് പുറത്തെത്തിയ മല്യയെ ഹിന്ദിയില്‍ കള്ളന്‍ കള്ളന്‍ എന്ന് ആവര്‍ത്തിച്ച് വിളിക്കുകയായിരുന്നു.

ഇതിനിടെയാണ് ‘ആണാണെങ്കില്‍ രാജ്യത്തോട് മാപ്പുപറയണം’ എന്നും കൂടിനില്‍ക്കുന്നവരില്‍ ഒരാള്‍ വിളിച്ച് പറഞ്ഞത്. സ്റ്റേഡിയത്തിനു പുറത്ത് മാധ്യമപ്രവര്‍ത്തകരില്‍ ഒരാള്‍ മല്യയോട് സംസാരിക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു ആളുകളുടെ പ്രതിഷേധം. ഓവല്‍ സ്റ്റേഡിയത്തിലെ ഗാലറിയില്‍ മകന്‍ സിദ്ധാര്‍ഥ് മല്യയ്ക്കൊപ്പം നില്‍ക്കുന്ന ചിത്രവും വിജയ് മല്യ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ടായിരുന്നു. ഇതും പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

2017ല്‍ ഇംഗ്ലണ്ടില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ മത്സരം കാണാനെത്തിയപ്പോഴും കാണികള്‍ മല്യയെ ‘കള്ളന്‍, കള്ളന്‍’ എന്നു വിളിച്ച് പ്രതിഷേധിച്ചിരുന്നു. ഇന്ത്യയിലെ ബാങ്കുകളില്‍ നിന്ന് 9000 കോടി രൂപ വായ്പയെടുത്തു തിരിച്ചടയ്ക്കാതെ ബ്രിട്ടനിലേക്ക് മുങ്ങിയ മല്യ ലണ്ടനില്‍ അറസ്റ്റിലായിരുന്നു. ഇപ്പോള്‍ ജാമ്യം എടുത്തിയിരിക്കുകയാണ്. ഈ കേസിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ല. കൂടാതെ മല്യയെ വിട്ടുകിട്ടാന്‍ ഇന്ത്യ ലണ്ടനിലെ കോടതിയില്‍ നല്‍കിയ കേസും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് മല്യ ഇന്ത്യയുടെ കളി കാണാന്‍ എത്തിയത്.

Exit mobile version