ഭീകരരുമായി അടുത്ത ബന്ധം; ശ്രീലങ്കയില്‍ പാര്‍ലമെന്റ് ജീവനക്കാരന്‍ അറസ്റ്റില്‍, ഈസ്റ്റര്‍ ദിനത്തിലെ കൂട്ടകുരുതിയിലും പങ്കുണ്ടെന്ന് സംശയം!

തിങ്കളാഴ്ച പ്രത്യേക പോലീസ് സംഘമാണ് കുറുങ്ങേലയില്‍ വെച്ച് നൗഷാദ് ജലാല്‍ദീനെ അറസ്റ്റ് ചെയ്തത്.

കൊളംബൊ: ഭീകരരുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ ശ്രീലങ്കയിലെ പാര്‍ലമെന്റ് ജീവനക്കാരന്‍ അറസ്റ്റില്‍. ശ്രീലങ്കന്‍ പാര്‍ലമെന്റില്‍ പരിഭാഷകനായ മുഹമ്മദ് നൗഷാദ് ജലാല്‍ദീന്‍ എന്ന ഉദ്യോഗസ്ഥനാണ് അറസ്റ്റിലായത്. ഈസ്റ്റര്‍ ദിനത്തില്‍ നടന്ന കൂട്ട കുരുതിയില്‍ ഇയാള്‍ക്കും പങ്കുണ്ടോ എന്ന കാര്യവും അന്വേഷിച്ച് വരികയാണ്. സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളെ ചോദ്യം ചെയ്യാനായി 90ദിവസത്തേയ്ക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

തിങ്കളാഴ്ച പ്രത്യേക പോലീസ് സംഘമാണ് കുറുങ്ങേലയില്‍ വെച്ച് നൗഷാദ് ജലാല്‍ദീനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ 2006 മുതല്‍ പാര്‍ലമെന്റ് ജീവനക്കാരനാണ്. ജലാല്‍ദീന് സ്ഫോടനങ്ങളുടെ മുഖ്യ സൂത്രധാരനായ സഹ്റാന്‍ ഹാഷിമുമായി ബന്ധമുണ്ടെന്നാണ് പോലീസിന്റെ സംശയം. വെള്ളിയാഴ്ച അറസ്റ്റിലായ മൂന്നു പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇയാളെ കുറിച്ചുള്ള വിവരം ലഭിച്ചതെന്ന് ശ്രീലങ്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇയാള്‍ക്ക് എന്‍ടിജെയില്‍ അംഗത്വമുണ്ടെന്നും രാജഗിരിയയിലെ ഇയാളുടെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ സംശയാസ്പദമായ രീതിയില്‍ വിവിധ ഉപകരണങ്ങളുടെ ഭാഗങ്ങള്‍ ലഭിച്ചതായും പോലീസ് വെളിപ്പെടുത്തി. ഏപ്രില്‍ 21ന് നടന്ന ആക്രമണത്തില്‍ രാജ്യത്തെ മൂന്ന് വലിയ ഹോട്ടലുകളും മൂന്ന് ക്രിസ്ത്യന്‍ ദേവാലയങ്ങളെയുമാണ് ഭീകരര്‍ ലക്ഷ്യം വെച്ചത്. 250 പേരാണ് ചാവേറാക്രമണങ്ങളില്‍ കൊല്ലപ്പെട്ടിരുന്നത്.

Exit mobile version