ആയുധങ്ങള്‍ വാങ്ങുന്നതിനുള്ള വിലക്കിന് പുറമെ യാത്രാവിലക്കും; മസൂദ് അസറിന് കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി പാകിസ്താന്‍

യാത്രാ വിലക്കിന് പുറമെ സ്വത്തുക്കള്‍ മരവിപ്പിക്കുകയും ചെയ്തു.

ഇസ്ലാമാബാദ്: യുഎന്‍ ആഗോളഭീകരനായി പ്രഖ്യാപിച്ച ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിന് യാത്രവിലക്ക് ഏര്‍പ്പെടുത്തി പാകിസ്താന്‍. യാത്രാ വിലക്കിന് പുറമെ സ്വത്തുക്കള്‍ മരവിപ്പിക്കുകയും ചെയ്തു. ഈ ഉത്തരവ് നടപ്പാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥരോടു പാക് വിദേശകാര്യമന്ത്രാലയം ഉത്തരവിട്ടു. നേരത്തെ മസൂദിന് ആയുധങ്ങള്‍ വാങ്ങുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

പാകിസ്താനുമായി അടുത്ത നയതന്ത്ര ബന്ധം തുടര്‍ന്നുപോരുന്ന ചൈന, മസൂദിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിലെ എതിര്‍പ്പ് പിന്‍വലിച്ചതിനു പിന്നാലെയാണ് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലിന്റെ സാങ്ഷന്‍സ് സമിതി മസൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത്.

മുന്‍പ് നാലുതവണ മസൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കത്തെ യുഎന്‍ സുരക്ഷാ കൗണ്‍സിലിലുള്ള തങ്ങളുടെ വീറ്റോ അധികാരം ഉപയോഗിച്ച് ചൈന തടഞ്ഞിരുന്നു. പുല്‍വാമയിലെ ആക്രമണത്തിനു ശേഷമാണ് അസറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ഇന്ത്യ സുരക്ഷാ കൗണ്‍സിലിനെ സമീപിക്കുന്നത്.

Exit mobile version