ഇന്ത്യ വീണ്ടും വ്യോമാക്രമണം നടത്തിയേക്കുമെന്ന ഭീതി; റഷ്യയില്‍ നിന്ന് വിമാനവേധ സംവിധാനം വാങ്ങാനൊരുങ്ങി പാകിസ്താന്‍

ബാലകോട്ട് നടത്തിയ മാതൃകയിലുള്ള വ്യോമാക്രമണങ്ങള്‍ ഇന്ത്യ ഇനിയും നടത്തിയേക്കുമെന്നുള്ള ഭീതിയിലാണ് റഷ്യയില്‍ നിന്ന് പാകിസ്താന്‍ പാന്റ്സിര്‍ മിസൈല്‍ വാങ്ങാനൊരുങ്ങുന്നത്.

ന്യൂഡല്‍ഹി: റഷ്യയില്‍ നിന്ന് വിമാനവേധ സംവിധാനം വാങ്ങാനൊരുങ്ങി പാകിസ്താന്‍. ബാലകോട്ട് നടത്തിയ മാതൃകയിലുള്ള വ്യോമാക്രമണങ്ങള്‍ ഇന്ത്യ ഇനിയും നടത്തിയേക്കുമെന്നുള്ള ഭീതിയിലാണ് റഷ്യയില്‍ നിന്ന് പാകിസ്താന്‍ പാന്റ്സിര്‍ മിസൈല്‍ വാങ്ങാനൊരുങ്ങുന്നത്.

വിമാനങ്ങളെ തകര്‍ക്കാന്‍ കഴിയുന്ന മധ്യദൂര മിസൈല്‍ സംവിധാനമാണ് പാന്റ്സിര്‍ മിസൈല്‍. റഡാര്‍ ഉപയോഗിച്ച് ലക്ഷ്യം നിര്‍ണയിച്ച് യുദ്ധവിമാനങ്ങള്‍, ഡ്രോണുകള്‍, ഹോലികോപ്റ്റര്‍ എന്നിവയെ തകര്‍ക്കുന്ന മിസൈല്‍ സംവിധാനമാണ് പാന്റ്സിര്‍.

ഇതു വാങ്ങുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി പ്രതിനിധി സംഘത്തെ മോസ്‌കോയിലേക്ക് അയയ്ക്കാനുള്ള ശ്രമങ്ങള്‍ പാകിസ്താന്‍ തുടങ്ങി കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, കരയാക്രമണങ്ങളില്‍ ഇന്ത്യന്‍ കരസേനയുടെ നട്ടെല്ലായി പ്രവര്‍ത്തിക്കുന്ന റഷ്യന്‍ നിര്‍മ്മിത ടി-90 ടാങ്കുകള്‍ കൂടി വാങ്ങാന്‍ പാകിസ്താന്‍ പദ്ധതിയിടുന്നുണ്ടെന്ന വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്.

അതേസമയം, ചൈനയില്‍ നിന്ന് 600 ടാങ്കുകള്‍ കൂടി വാങ്ങാന്‍ പാകിസ്താന്‍ പദ്ധതിയിടുന്നുവെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. ആകാശത്ത് 40 മണിക്കൂറുകളോളം തുടര്‍ച്ചയായി പറന്ന് നിരീക്ഷണം നടത്താനും ആക്രമണം നടത്താനും സാധിക്കുന്ന ആളില്ലാ യുദ്ധവിമാനങ്ങളായ സിഎച്ച്-4, സിഎച്ച്-5 എന്നിവ ചൈന പാകിസ്താന് വില്‍ക്കാന്‍ തയ്യാറായേക്കുമെന്നാണ് വിവരങ്ങള്‍.

Exit mobile version