തീറ്റ കൊടുക്കുന്നതിനിടെ ആക്രമണം; ഭീമന്‍ പക്ഷിക്കു പിന്നാലെ ഉടമയുടെ ജീവന്‍ എടുത്ത് മാനും! തടയാന്‍ ശ്രമിച്ച യുവതിക്ക് ഗുരുതര പരിക്ക്

ആസ്‌ട്രേലിയയിലെ മെല്‍ബണ്‍ നഗരത്തിന് സമീപത്തെ വംഗരാട്ട എന്ന സ്ഥലത്താണ് 46കാരായ ദമ്പതികള്‍ക്ക് അപകടം സംഭവിച്ചത്.

മെല്‍ബണ്‍: അമേരിക്കയില്‍ വീട്ടില്‍ വളര്‍ത്തിയ ഭീമന്‍ പക്ഷി ഉടമയുടെ ജീവന്‍ എടുത്തതിനു പിന്നാലെ ആസ്‌ട്രേലിയയിലും സമാനമായ സംഭവം നടന്നതായി റിപ്പോര്‍ട്ട്. ഇവിടെ മാന്‍ ആണ് തന്റെ യജമാനന്റെ ജീവന്‍ എടുത്തത്. തീറ്റ കൊടുക്കുന്നതിനിടെയായിരുന്നു ആക്രമണം. ആക്രമണത്തില്‍ ഭാര്യയ്ക്ക് ഗുരുതര പരിക്കുണ്ട്.

ആസ്‌ട്രേലിയയിലെ മെല്‍ബണ്‍ നഗരത്തിന് സമീപത്തെ വംഗരാട്ട എന്ന സ്ഥലത്താണ് 46കാരായ ദമ്പതികള്‍ക്ക് അപകടം സംഭവിച്ചത്. വീട്ടുടമ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയായിരുന്നു. എയര്‍ലിഫ്റ്റ് ചെയ്താണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. ഇവരുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. തീറ്റ കൊടുക്കുന്നതിനിടെ മാന്‍ ആക്രമിക്കുന്നത് കണ്ട് ഓടിയെത്തിയതായിരുന്നു ഭാര്യ. എന്നാല്‍ മാന്‍ യുവതിക്ക് നേരെയും പാഞ്ഞടുക്കുകയായിരുന്നു.

ഇവരുടെ 16 വയസ്സുകാരന്‍ മകനാണ് യുവതിയെ രക്ഷിച്ചത്. ആറുവര്‍ഷമായി ഇവര്‍ വളര്‍ത്തുന്ന മാനാണ് ആക്രമിച്ചത്. മാന്‍ മനുഷ്യനെ ആക്രമിക്കുന്ന സംഭവം അത്യപൂര്‍വമാണെന്ന് വന്യമൃഗ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറഞ്ഞു. വേട്ടക്കായി 19ാം നൂറ്റാണ്ടിലാണ് ആസ്‌ട്രേലിയയില്‍ മാനിനെ കൊണ്ടു വരുന്നത്. പിന്നീട് ഇവയുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതോടെയാണ് വളര്‍ത്താന്‍ അനുമതി നല്‍കിയത്.

Exit mobile version