വിദേശ നയതന്ത്രജ്ഞരും മാധ്യമസംഘം ബാലാക്കോട്ടില്‍; ആക്രമണമുണ്ടായ സ്ഥലത്ത് ഗര്‍ത്തമെന്ന് സംഘം

ന്യൂഡല്‍ഹി: ഇന്ത്യ വ്യോമാക്രമണം നടത്തിയ ഖൈബര്‍ പഖ്തൂന്‍ഖ്വ മേഖലയിലെ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ രാജ്യാന്തര മാധ്യമസംഘത്തെയും വിദേശ നയതന്ത്രജ്ഞരെയും എത്തിച്ച് പാകിസ്താന്‍ സൈന്യം. പ്രദേശവാസികളോട് കൂടുതല്‍ സമയം സംസാരിക്കരുതെന്ന താക്കീതോടെയായിരുന്നു ഇവരെ സ്ഥലത്ത് എത്തിച്ചത്. ഇന്ത്യ ബാലാക്കോട്ടില്‍ ആക്രമണം നടത്തിയിട്ട് 43 ദിവസങ്ങള്‍ പിന്നിട്ടതിനുശേഷമാണ് മാധ്യമങ്ങളെ സ്ഥലത്തേക്കു കൊണ്ടുപോയത്. പാകിസ്താന്‍ സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ സന്ദര്‍ശനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ട്വീറ്റ് ചെയ്തു.

മലമ്പ്രദേശത്തുകൂടി ഒന്നര മണിക്കൂര്‍ സഞ്ചരിച്ചാണ് വ്യോമാക്രമണം നടത്തിയ സ്ഥലത്ത് എത്തിച്ചേര്‍ന്നതെന്നും മന്‍ഷേരയ്ക്കു സമീപമുള്ള പ്രദേശത്താണ് സന്ദര്‍ശനം നടത്തിയതെന്നും ബിബിസിയുടെ മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞു. ബോംബ് വീണ സ്ഥലത്ത് വലിയ ഗര്‍ത്തം കണ്ടതായി സംഘം പറഞ്ഞു. ഇവരുടെ സന്ദര്‍ശനം വൈകിപ്പിച്ചത് ആക്രമണത്തില്‍ ഉണ്ടായ ആഘാതം മറച്ചുവയ്ക്കാനാണെന്ന് ഇന്ത്യ ആരോപിച്ചു. ഒരു കുന്നിനു മുകളിലാണ് ഭീകര ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചിരുന്നതെന്നു പറയുന്ന മദ്രസ സ്ഥിതിചെയ്തിരുന്നത്. ഈ കെട്ടിടത്തിന് ഏതെങ്കിലും തരത്തിലുള്ള കേടുപാടുകള്‍ സംഭവിച്ചതിന്റെയോ പുതുക്കി പണിതതിന്റെയോ ലക്ഷണങ്ങളില്ലെന്നും ബിബിസി റിപ്പോര്‍ട്ടര്‍ പറഞ്ഞു.

പ്രദേശത്ത് നിലനിന്ന അനിശ്ചിതാവസ്ഥ മൂലമാണ് മാധ്യമപ്രവര്‍ത്തകരുടെ സന്ദര്‍ശനം വൈകാന്‍ ഇടയാക്കിയതെന്ന് പാകിസ്താന്‍ വക്താവ് പറഞ്ഞു. എന്നാല്‍ മദ്രസയുടെ ബോര്‍ഡില്‍ ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിന്റെ ഭാര്യാ സഹോദരന്‍ യൂസഫ് അസറിന്റെ പേര് ഉണ്ടായിരുന്നതായുള്ള റിപ്പോര്‍ട്ടുകളോട് വ്യക്തമായി പ്രതികരിക്കാന്‍ പാകിസ്താന്‍ വക്താവ് തയ്യാറായില്ല. ഇന്ത്യയിലെ പുല്‍വാമയില്‍ പാകിസ്താന്‍ നടത്തിയ ഭീകരാക്രമണത്തിന് തിരിച്ചടിയായിട്ടായിരുന്നു ഇന്ത്യ ബാലാക്കോട്ടില്‍ അക്രമണം നടത്തിയത്. ആക്രമണത്തില്‍ നിരവധി ഭീകരര്‍ മരിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

Exit mobile version