ഫെബ്രുവരിയിലും ഇന്ത്യ ഉപഗ്രഹവേധ മിസൈലിന്റെ പരീക്ഷണം നടത്തിയിരുന്നു; റിപ്പോര്‍ട്ടുമായി യുഎസ് മാസിക

മാര്‍ച്ച് 27 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തെ അഭിസംബോധന ചെയ്ത് ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം വിജയിച്ചെന്ന് അറിയിച്ചത്

വാഷിങ്ടണ്‍: ഫെബ്രുവരിയിലും ഇന്ത്യ ഉപഗ്രഹവേധ മിസൈലിന്റെ പരീക്ഷണം നടത്തിയിരുന്നുവെന്ന് വെളിപ്പെടുത്തലുമായി യുഎസ് മാസിക. മാര്‍ച്ച് 27 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തെ അഭിസംബോധന ചെയ്ത് ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം വിജയിച്ചെന്ന് അറിയിച്ചത്. എന്നാല്‍ ഇതിന് മുമ്പ് ഫെബ്രുവരിയിലും ഇന്ത്യ ഇത്തരത്തിലൊരു പരീക്ഷണം നടത്തിയിരുന്നുവെന്നും എന്നാല്‍ അത് പരാജയമായിരുന്നുവെന്നുമാണ് അമേരിക്കന്‍ മാസിക റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ‘മിഷന്‍ ശക്തി’ വിജയിച്ചുവെന്ന് മാര്‍ച്ച് 27-നാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. എന്നാല്‍ ഫെബ്രുവരി 12ന് ഇന്ത്യ നടത്തിയ എ-സാറ്റ് പരീക്ഷണം 30 സെക്കന്‍ഡ് മാത്രം നീണ്ട് നിന്ന് ലക്ഷ്യം കാണാതെ പരാജയപ്പെട്ടുവെന്നാണ് യുഎസ് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഡിപ്ലോമാറ്റ് മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പരീക്ഷണത്തിന് ശേഷം ലഭിച്ച ഡാറ്റകള്‍ ശേഖരിച്ചാണ് യുഎസ് ശാസ്ത്രജ്ഞര്‍ ഇത്തരത്തിലൊരു നിഗമനത്തിലെത്തിയതെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഉപഗ്രഹവേധ മിസൈല്‍പരീക്ഷണം ബഹിരാകാശത്ത് സൃഷ്ടിച്ചത് നാനൂറിലേറെ അവശിഷ്ടങ്ങളാണെന്നും ഇവ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെ ശാസ്ത്രജ്ഞര്‍ക്ക് ഭീഷണിയുണ്ടാക്കുമെന്നും നാസാ മേധാവി ജിം ബ്രിഡെന്‍സ്റ്റിന്‍ പറഞ്ഞു.

Exit mobile version