പട്ടാളത്തൊപ്പി ധരിച്ച് ക്രിക്കറ്റ് കളിച്ച ഇന്ത്യന്‍ ടീമിനെതിരെ നടപടിയാവശ്യപ്പെട്ട് പാകിസ്താന്‍

ഇന്ത്യ ക്രിക്കറ്റിനെ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുകയാണെന്നും ഇതിനെതിരെ ഐസിസി ഉടനെ നടപടികള്‍ സ്വീകരിക്കണമെന്നുമാണ് പാകിസ്താന്റെ ആവശ്യം.

ഇസ്ലാമാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ആര്‍മി തൊപ്പി ധരിച്ച് കളിച്ച സംഭവത്തില്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പാകിസ്താന്‍ രംഗത്ത്. ഇന്ത്യ ക്രിക്കറ്റിനെ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുകയാണെന്നും ഇതിനെതിരെ ഐസിസി ഉടനെ നടപടികള്‍ സ്വീകരിക്കണമെന്നുമാണ് പാകിസ്താന്റെ ആവശ്യം.

ഐസിസി സ്വമേധയാ നടപടിയെടുത്തില്ലെങ്കില്‍ ഈ പ്രശ്‌നം പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ഉയര്‍ത്തികൊണ്ട് വരുമെന്നും പാക് വിദേശകാര്യ മന്ത്രി ഷാ മഹമ്മൂദ് ഖുറേഷി പറഞ്ഞു. സംഭവത്തില്‍ ഐസിസിക്ക് പരാതി നല്‍കാന്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിനോട് വിദേശകാര്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.

പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികരോടുള്ള ആദരസൂചകമായാണ് ഓസ്ട്രേലിയക്കെതിരേ റാഞ്ചിയില്‍ നടന്ന ഏകദിനത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ പട്ടാളത്തൊപ്പി ധരിച്ച് കളിച്ചത്. ഇതിനെതിരെയാണ് പാകിസ്താന്‍ രംഗത്ത് എത്തിയത്.

Exit mobile version