‘ ഇത് തിരിച്ചടിയില്ല, സ്വയം സുരക്ഷയ്ക്ക് വേണ്ടിയുള്ള നടപടി’ ; നിയന്ത്രണ രേഖയ്ക്ക് സമീപം വ്യോമാക്രമണം നടത്തിയതായി സ്ഥിരീകരിച്ച് പാകിസ്താന്‍

അതിര്‍ത്തിയില്‍ സംഘര്‍ഷം മൂര്‍ച്ഛിപ്പിക്കാന്‍ തങ്ങള്‍ക്ക് താല്‍പര്യമില്ലെന്നും, ഇന്ത്യയുടെ പ്രകോപനം തുടര്‍ന്നാല്‍ വെറുതെയിരിക്കില്ലെന്നും പാകിസ്താന്‍ മുന്നറിയിപ്പ് നല്‍കുന്നു.

ന്യൂഡല്‍ഹി: കാശ്മീരിലെ നിയന്ത്രണ രേഖയ്ക്ക് സമീപം വ്യോമാക്രമണം നടത്തിയതായി സ്ഥിരീകരിച്ച് പാകിസ്താന്‍. എന്നാല്‍ നിയന്ത്രണ രേഖ ലംഘിച്ചിട്ടില്ലെന്നാണ് പാകിസതാന്റെ വാദം. സാധാരണക്കാരെ ഒഴിവാക്കിയാണ് ആക്രമണം നടത്തിയതെന്ന് പാകിസ്താന്‍ പറയുന്നു. ഇത് ഇന്ത്യയുടെ നടപടിക്കുള്ള തിരിച്ചടിയല്ല. സ്വയം രക്ഷയ്ക്ക് വേണ്ടിയുള്ള നടപടി മാത്രമാണ്. അതിര്‍ത്തിയില്‍ സംഘര്‍ഷം മൂര്‍ച്ഛിപ്പിക്കാന്‍ തങ്ങള്‍ക്ക് താല്‍പര്യമില്ലെന്നും, ഇന്ത്യയുടെ പ്രകോപനം തുടര്‍ന്നാല്‍ വെറുതെയിരിക്കില്ലെന്നും പാകിസ്താന്‍ മുന്നറിയിപ്പ് നല്‍കുന്നു.

പകല്‍ വെളിച്ചത്തിലാണ് തങ്ങള്‍ ആക്രമണം നടത്തിത്. വ്യക്തമായ തെളിവുകളില്ലാതെയാണ് ഇന്ത്യയുടെ ആക്രമണം. ഇതിന് തിരിച്ചടിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നും പാക് സൈന്യം അവകാശപ്പെടുന്നു. ഭീകരപ്രവര്‍ത്തകരെ നശിപ്പിക്കാന്‍ ഇന്ത്യക്ക് മാത്രമല്ല പാകിസ്താനും അവകാശമുണ്ട്. പാകിസ്താനിലെ ഭീകരപ്രവര്‍ത്തനത്തെ ഇന്ത്യ പ്രോത്സാഹിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യയില്‍ അതിര്‍ത്തി ലംഘിച്ചുള്ള ആക്രമണത്തിന് പാകിസ്താന്‍ മുതിര്‍ന്നിട്ടില്ലെന്നും പാക് സൈന്യം വ്യക്തമാക്കുന്നു.

ഇന്ത്യയുടെ തിരിച്ചടിക്ക് പിന്നാലെ അതിര്‍ത്തിയില്‍ പാകിസ്താന്‍ ആക്രമണം നടത്തിയിരുന്നു. പാക് വിമാനങ്ങള്‍ അതിര്‍ത്തി ലംഘിച്ച് പ്രവേശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അതിര്‍ത്തി ലംഘിച്ച് എത്തിയ വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേന തുരത്തി. അതിര്‍ത്തിയില്‍ പാകിസ്താന്‍ ബോംബ് വര്‍ഷിച്ചതായും സൂചനയുണ്ട്.

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് പാകിസ്താനെതിരെ ഇന്ത്യ തിരിച്ചടി നടത്തിയത്. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ആക്രമണം. ചകോട്ടി, ബലാകോട്ട്, മുസഫറബാദ് എന്നീ മൂന്ന് മേഖലകളിലെ ഭീകരരുടെ ക്യാമ്പുകള്‍ക്ക് നേരെയായിരുന്നു വ്യോമാക്രമണം നടത്തിയത്. ആക്രമണത്തില്‍ 200 ഓളം ഭീകരര്‍ കൊല്ലപ്പെട്ടതായാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്.

Exit mobile version