സേവനം തുടരുന്നതില്‍ ബുദ്ധിമുട്ട്; ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ് സാരിഫ് രാജിവെച്ചു

ഇറാനും ആറ് ലോക ശക്തികളുമായുള്ള 2015ലെ ആണവ കരാര്‍ കൊണ്ടുവരുന്നതില്‍ സാരിഫ് സുപ്രധാന പങ്കുവഹിച്ചിരുന്നു.

ടെഹ്റാന്‍: ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ് സാരിഫ് രാജിവെച്ചു. സമൂഹമാധ്യമങ്ങളിലൂടെയാണ് അദ്ദേഹം രാജി കാര്യം പങ്കുവെച്ചത്. ‘ഇറാനിലെ ധീരരും സ്നേഹിതരുമായ ജനങ്ങളുടെ ഉദാരമനസ്‌കതയ്ക്ക് നന്ദി.’ അദ്ദേഹം കുറിച്ചു. രാജിക്ക് പ്രത്യേക കാരണമൊന്നും പരാമര്‍ശിച്ചിട്ടില്ല. സേവനം തുടരുന്നതിനുള്ള ബുദ്ധിമുട്ടുകൊണ്ടാണ് രാജിവെക്കുന്നുവെന്ന് അദ്ദേഹം അറിയിച്ചു.

ഇറാനും ആറ് ലോക ശക്തികളുമായുള്ള 2015ലെ ആണവ കരാര്‍ കൊണ്ടുവരുന്നതില്‍ സാരിഫ് സുപ്രധാന പങ്കുവഹിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ മെയ് മാസത്തില്‍ ഈ കരാറില്‍ നിന്നും യുഎസ് പിന്‍വാങ്ങുകയും ചില രാജ്യങ്ങളുടെ സുപ്രധാന വ്യവസായങ്ങളില്‍ സാമ്പത്തിക ഉപരോധം കൊണ്ടുവരികയും ചെയ്തതിനു പിന്നാലെ അദ്ദേഹത്തിനുനേരെ വിമര്‍ശനമുയര്‍ന്നിരുന്നു.

സാരിഫിന്റെ രാജി ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനി സ്വീകരിച്ചിട്ടുണ്ടോയെന്ന കാര്യം വ്യക്തമല്ല. 2013 ആഗസ്റ്റിലാണ് സാരിഫ് വിദേശകാര്യ മന്ത്രിയുടെ ചുമതല ഏറ്റെടുത്തത്. അതേസമയം, സാരിഫിന്റെ രാജി ഇറാനോടുള്ള യു.എസ് നയത്തില്‍ ഒരുമാറ്റവുമുണ്ടാക്കില്ലെന്ന് യുഎസ് വ്യക്തമാക്കി.

Exit mobile version