യാത്രയോട് അമിത പ്രണയം, കുടുംബത്തെയും കൈവിടാനാകില്ല; ആശയകുഴപ്പത്തിലായ ലിയാണ്ടര്‍ വീട് വിറ്റ് മിലിട്ടറി ട്രക്ക് വാങ്ങി! ജീവിതവും യാത്രയും ഒരുപോലെ ആസ്വദിച്ച് ഇവര്‍ സഞ്ചരിച്ചത് 24 രാജ്യങ്ങള്‍

രണ്ടു കിടപ്പുമുറികള്‍, ഒരു ലിവിങ് റൂം, അടുക്കള, ബാത്‌റൂം എന്നിവ അടങ്ങിയ സൗകര്യങ്ങള്‍ ഈ വാഹനത്തില്‍ ഉള്ളിലുണ്ട്.

ക്യാന്‍ബറ: യാത്രകളോട് ഇഷ്ടമില്ലാത്തവര്‍ വളരെ ചുരുക്കമായിരിക്കും. ചെറിയ സഞ്ചാരമാണെങ്കിലും അതിനെ ഏറെ ഇഷ്ടപ്പെടുന്നവരും ഉണ്ട്. അവര്‍ക്കിടയിലേയ്ക്ക് ഇതാ മാതൃകയായി ഓസ്‌ട്രേലിയയില്‍ നിന്നൊരു കുടുംബം. ഓസ്‌ട്രേലിയ സ്വദേശികളായ ലിയാണ്ടര്‍ നാര്‍ഡിനും കാമുകി മരിയയും അവരുടെ ഏഴ് വയസ്സുകാരന്‍ മകനുമാണ് യാത്രയെ പ്രണയിച്ച് കറങ്ങി നടക്കുന്നത്. രണ്ട് വര്‍ഷത്തിനിടെ നടത്തിയ സഞ്ചാരത്തില്‍ ഇതുവരെ 24 രാജ്യങ്ങളാണ് ഇവര്‍ കണ്ടത്.

ഇതിനിടയില്‍ ഏഴ് വയസുകാരന്റെ പഠിത്തവും നടക്കുന്നുണ്ടെന്നതാണ് അമ്പരപ്പിക്കുന്ന കാര്യം. പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറായ ലിയാണ്ടറിന് യാത്രകളെ ഏറെ പ്രിയമാണ്. കാമുകിയെയും ഏഴു വയസുകാരന്‍ മകനെയും തനിച്ചാക്കി പോകുവാന്‍ ലിയാണ്ടറിനെ അനുവദിക്കുന്നില്ല. അതുകൊണ്ട് തന്നെ വീട് വിറ്റ് പകരം വീടിന് സമാനമായി ഒരു മിലിട്ടറി ട്രക്ക് വാങ്ങി പരിഹാരം കാണുകയായിരുന്നു. ശേഷം ഇരുവരെയും കൂട്ടി യാത്ര തുടര്‍ന്നു. യാത്രയ്ക്ക് അനുയോജ്യമായ വാഹനം എന്ന നിലയ്ക്കാണ് രണ്ടുവര്‍ഷം മുന്‍പ് മെഴ്‌സിഡസ് ബെന്‍സിന്റെ LA911B മോഡല്‍ മിലിട്ടറി ട്രക്ക് വാങ്ങിയത്. ഓസ്ട്രിയയിലെ സ്വന്തം വീട് വിറ്റശേഷമാണ് ഇവര്‍ ട്രക്ക് സ്വന്തമാക്കിയത്.

രണ്ടു കിടപ്പുമുറികള്‍, ഒരു ലിവിങ് റൂം, അടുക്കള, ബാത്‌റൂം എന്നിവ അടങ്ങിയ സൗകര്യങ്ങള്‍ ഈ വാഹനത്തില്‍ ഉള്ളിലുണ്ട്. വാഹനത്തിന്റെ അകവശം വേര്‍തിരിച്ച് ഇടങ്ങളാക്കി മാറ്റുന്ന പണികള്‍ എല്ലാം ഇരുവരും കൂടിയാണ് ചെയ്തത്. വിചാരിച്ചതിലും കൂടുതല്‍ ചെലവ് നിര്‍മ്മാണത്തില്‍ ഉണ്ടായെങ്കിലും തങ്ങള്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങള്‍ വച്ചുനോക്കിയാല്‍ മറ്റെല്ലാം മറക്കുമെന്ന് ലിയാണ്ടര്‍ പറയുന്നു. ഏഷ്യന്‍ രാജ്യങ്ങള്‍, ഉസ്ബക്കിസ്ഥാന്‍, മംഗോളിയ, ദക്ഷിണ കൊറിയ, തുര്‍ക്കി, ഇറാന്‍, ജപ്പാന്‍, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലെല്ലാം ഇതിനോടകം ഈ കുടുംബം സഞ്ചരിച്ചു കഴിഞ്ഞു. മകന്‍ ലിനക്‌സും ഇപ്പോള്‍ ഈ യാത്രകളെ വലിയ ഇഷ്ടമാണ്.

Exit mobile version