സിറിയയില്‍ ഐസിസ് ചാവേറാക്രമണം: 19 പേര്‍ കൊല്ലപ്പെട്ടു

മാന്‍ബിജി നഗരത്തിലൂടെ പോകുകയായിരുന്ന ഒരു അമേരിക്കന്‍ സൈനികവ്യൂഹത്തെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം

സിറിയയില്‍ കഴിഞ്ഞ ദിവസമുണ്ടായ ഐസിസ് ചാവേറാക്രമണത്തില്‍ നാല് അമേരിക്കന്‍ സൈനികരടക്കം 19 പേര്‍ കൊല്ലപ്പെട്ടു. സിറിയയില്‍ നിന്ന് അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കുകയാണെന്ന പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം വന്ന് ദിവസങ്ങള്‍ക്കകമാണ് ഈ സംഭവമെന്നത് ശ്രദ്ധേയമാണ്. സിറിയയില്‍ നിലവില്‍ ഐസിസ് പരാജയപ്പെട്ടു കഴിഞ്ഞിട്ടുണ്ടെന്നും അമേരിക്കന്‍ സൈന്യത്തെ ഒരു മസത്തിനകം തിരിച്ചു കൊണ്ടുവരുമെന്നുമായിരുന്നു ട്രംപിന്റെ പ്രസ്താവന.

മാന്‍ബിജി നഗരത്തിലൂടെ പോകുകയായിരുന്ന ഒരു അമേരിക്കന്‍ സൈനികവ്യൂഹത്തെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. പാലസ് ഓഫ് പ്രിന്‍സസ് എന്ന ഒരു റസ്റ്ററന്റില്‍ ഭക്ഷണം കഴിക്കാന്‍ കയറിയ സന്ദര്‍ഭത്തിലാണ് ആക്രമണം നടന്നത്. ചാവേര്‍ ഇവര്‍ക്കരികിലേക്ക് വന്ന് പൊട്ടിത്തെറിക്കുകയായിരുന്നു.

ട്രംപിന്റെ അപ്രതീക്ഷിതമായ പ്രഖ്യാപനം സഖ്യകക്ഷി രാഷ്ട്രങ്ങളെ ഞെട്ടിച്ചിരുന്നു. വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ ഈ നീക്കത്തില്‍ നിന്നും വൈറ്റ് ഹൗസ് പിന്നാക്കം പോയിട്ടുണ്ട്. സഖ്യകക്ഷികളെ യുഎസ് പ്രതിനിധികള്‍ നേരിട്ടും അല്ലാതെയും കാര്യങ്ങള്‍ ബോധിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു.

ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളും ട്രംപിന്റെ തീരുമാനത്തിനെതിരെ രംഗത്തുണ്ടായിരുന്നു. ആരോടും ആലോചിക്കാതെ തീരുമാനങ്ങളെടുക്കുന്ന ട്രംപിന്റെ ശൈലി കൂടുതല്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയമാകാന്‍ ഈ സംഭവം കാരണമായി. ട്രംപിന്റെ പ്രസ്താവനഐസിസിനെ കൂടുതല്‍ ഉത്സാഹത്തിലാക്കാന്‍ സഹായിച്ചുവെന്ന് സെനറ്ററായ ലിന്‍ഡ്‌സി ഗ്രഹാം ആരോപിച്ചിരുന്നു. ഈ ആരോപണത്തിന് കൂടുതല്‍ ശക്തി പകരുന്നതാണ് പുതിയ ആക്രമണം. കഴിഞ്ഞ ഒരു മാസത്തിനിടെ സിറിയയില്‍ നടന്ന വലിയ ആറ് ആക്രമണങ്ങളിലൊന്നാണ് ഇക്കഴിഞ്ഞ ദിവസത്തേത്.

Exit mobile version