നയ്‌റോബി ഹോട്ടല്‍ ആക്രമണം; മുഴുവന്‍ ഭീകരരെയും വധിച്ചെന്ന് പ്രസിഡന്റ്

മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരരെ വധിക്കാന്‍ കഴിഞ്ഞതെന്ന് അധികൃതര്‍ പറയുന്നു

നയ്‌റോബി: കെനിയന്‍ തലസ്ഥാനമായ നയ്‌റോബിയിലെ ആഡംബര ഹോട്ടലില്‍ ആക്രമണം നടത്തിയ ഭീകരരെ മുഴുവന്‍പേരെയും വധിച്ചതായി പ്രസിഡന്റ് ഉറു കെനിയാത്ത അറിയിച്ചു. ആക്രമണത്തില്‍ 14 പേരാണ് കൊല്ലപ്പെട്ടത്. വെസ്റ്റ്‌ലാന്‍ഡ് മേഖലയിലെ ഡുസിറ്റ്ഡി2 ഹോട്ടലിലാണ് ഭീകരാക്രമണം ഉണ്ടായത്. ബാങ്കും മറ്റ് നിരവധി ഓഫീസുകളും ഈ കെട്ടിട സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരരെ വധിക്കാന്‍ കഴിഞ്ഞതെന്ന് അധികൃതര്‍ പറയുന്നു. എന്നാല്‍ ബുധനാഴ്ച രാവിലെയും സംഭവസ്ഥലത്ത് സ്‌ഫോടനവും വെടിയൊച്ചയും കേട്ടതായി ദൃക്‌സാക്ഷികള്‍ പറയുന്നു. എത്ര ഭീകരര്‍ ഹോട്ടലിനുള്ളില്‍ പ്രവിശച്ചെന്ന വിവരം ഇപ്പോഴും അറിയില്ല.

ആക്രമണത്തിനു ശേഷം എഴുന്നൂറോളം പേരെ സുരക്ഷിതരായി കെട്ടടിസമുച്ചയത്തില്‍നിന്നും പുറത്തെത്തിച്ചു. ചൊവ്വാഴ്ച പ്രദേശിക സമയം വൈകുന്നേരം മൂന്നോടെയായിരുന്നു ആക്രമണം ഉണ്ടായത്. തോക്ക് ധാരികളായ നാല് പേര്‍ പാര്‍ക്ക് ചെയ്തിരുന്ന കാറുകള്‍ക്കു നേരെ ബോംബ് എറിഞ്ഞ് ലോബിയിലേക്ക് പ്രവേശിച്ചു. ഇവിടെവച്ച് സ്‌ഫോടകവസ്തു ശരീരത്തില്‍ ഘടിപ്പിച്ച ഒരാള്‍ സ്വയംപൊട്ടിത്തെറിച്ചു. ഇതിനു ശേഷമാണ് ഭീകരര്‍ ഹോട്ടലിനുള്ളിലേക്ക് കയറിയത്.

Exit mobile version