കരാര്‍ ലംഘിച്ചു..! റഷ്യയുമായുള്ള ചരിത്രപ്രധാനമായ ആണവായുധ ഉടമ്പടിയില്‍ നിന്നും അമേരിക്ക പിന്‍മാറി

റഷ്യ 1987 ലെ മധ്യദൂര ആണവായുധ ഉടമ്പടി ലംഘിച്ചതിനെ തുടര്‍ന്നാണ് പിന്‍മാറുന്നതെന്ന് ട്രംപ് പറഞ്ഞു

വാഷിംങ്ടണ്‍: റഷ്യയുമായുള്ള ചരിത്രപ്രധാനമായ ആണവായുധ ഉടമ്പടിയില്‍നിന്നും അമേരിക്ക ഏകപക്ഷീയമായി പിന്‍മാറി. യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഇക്കാര്യം സ്ഥിരീകരിച്ചു. റഷ്യ 1987 ലെ മധ്യദൂര ആണവായുധ ഉടമ്പടി ലംഘിച്ചതിനെ തുടര്‍ന്നാണ് പിന്‍മാറുന്നതെന്ന് ട്രംപ് പറഞ്ഞു. 500 കിലോമീറ്ററിനും 5,500 കിലോമീറ്ററിനും ഇടയില്‍ ദൂരപരിധിയുള്ള മധ്യദൂര ഭൂതലമിസൈല്‍ നിരോധിക്കുന്നതാണ് ഉടമ്പടി.

റഷ്യ ഉടമ്പടി വര്‍ഷങ്ങളായി ലംഘിച്ചുവരുന്നതായി ട്രംപ് പറഞ്ഞു. എന്തുകൊണ്ടാണ് മുന്‍ പ്രസിഡന്റ് ബരാക് ഒബാമ ഇക്കാര്യങ്ങള്‍ അവഗണിച്ചതെന്നും ഉടമ്പടിയില്‍നിന്നും പിന്‍മാറാതിരുന്നതെന്നും അറിയില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. നവാഡയില്‍ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുമ്പോഴാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.

2014ല്‍ റഷ്യ ഭൂതല ക്രൂയിസ് മിസൈല്‍ പരീക്ഷിച്ച് ഐഎന്‍എഫ് ഉടമ്പടി ലംഘിച്ചതായി ഒബാമ ആരോപിച്ചിരുന്നു. യൂറോപ്യന്‍ നേതാക്കളുടെ സമ്മര്‍ദം മൂലം ഒബാമ അന്ന് ഐഎന്‍എഫ് ഉടമ്പടിയില്‍നിന്നും പിന്‍മാറിയില്ല. ഇതു മൂലം റഷ്യ ആണവായുധം സംഭരിക്കാന്‍ ആരംഭിക്കുകയും ചെയ്തതായി ട്രംപ് കുറ്റപ്പെടുത്തി. എന്നാല്‍ ട്രംപിന്റെ നീക്കം ഏകലോക മോഹം സ്വപ്നം കണ്ടുള്ളതാണെന്നു റഷ്യ തിരിച്ചടിച്ചു.

Exit mobile version