ചൈനയില്‍ അപൂര്‍വ്വമായ പക്ഷിപ്പനി ബാധിച്ച് യുവതി മരിച്ചു; ആശങ്ക

എച്ച്5എന്‍6 എന്ന വകഭേദമാണ് യുവതിയെ ബാധിച്ചിരുന്നത്. ചികിത്സയിലിരിക്കെയാണ് യുവതി മരിച്ചത്.

ചൈന: അപൂര്‍വ്വമായ പക്ഷിപ്പനി ബാധിച്ച് യുവതി മരിച്ചു. എച്ച്5എന്‍6 എന്ന വകഭേദമാണ് യുവതിയെ ബാധിച്ചിരുന്നത്. ചികിത്സയിലിരിക്കെയാണ് യുവതി മരിച്ചത്.

ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലെ ബസോഭ് എന്ന സ്ഥലത്തുള്ളൊരു കോഴി ഫാമില്‍ യുവതി പോയിരുന്നു. ഇവിടെ നിന്നാണ് പക്ഷിപ്പനി ഇവരിലേക്ക് എത്തിയത് എന്നാണ് കരുതപ്പെടുന്നത്. പിന്നീട് അവശനിലയിലായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചികിത്സ നല്‍കുകയും ചെയ്തു. എന്നാല്‍ ഇരുപത് ദിവസത്തോളം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞതിന് പിന്നാലെ മരണം സംഭവിക്കുകയായിരുന്നു.

പക്ഷിപ്പനി ബാധിച്ച് യുവതി മരിച്ച വാര്‍ത്ത കൂടി വന്നതോടെ ചൈനയില്‍ മനുഷ്യരില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സ്ഥലങ്ങളില്‍ കടുത്ത ആശങ്കയാണ് പടര്‍ന്നിരിക്കുന്നത്. 39 ശതമാനത്തോളം മരണസാധ്യതയുള്ള വൈറസ് വകഭേദമാണ് എച്ച്5എന്‍6. ഇത് മനുഷ്യരിലേക്ക് എത്തുന്നത് അങ്ങനെ സാധാരണമല്ല.

കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ 88 എച്ച്5എ6 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ 87 കേസും ചൈനയിലെ മെയിന്‍ലാന്‍ഡിലാണ്. അതിനാല്‍ തന്നെ ഇവിടെ ആരോഗ്യവകുപ്പ് കാര്യമായ പ്രതിരോധപ്രവര്‍ത്തനങ്ങളിലേക്ക് നീങ്ങുന്നതായാണ് വിവരം.

Exit mobile version