‘ തന്റെ മാതാപിതാക്കള്‍ കണ്‍മുന്നില്‍ പിടഞ്ഞു മരിച്ചു’ ; മൊറോക്കോ ഭൂചലനത്തിന്റെ ഞെട്ടല്‍ മാറാതെ യുവാവ്, മരിച്ചവരുടെ എണ്ണം 2862 ആയി

1960 ല്‍ 12,000 പേര്‍ കൊല്ലപ്പെട്ടതിനു ശേഷമുള്ള അതിശക്തമായ ഭൂകമ്പമാണിത്.

റാബത്ത്: വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയില്‍ ഉണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 2,862 ആയി. 2562 പേര്‍ക്ക് പരിക്കേറ്റു. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. 1960 ല്‍ 12,000 പേര്‍ കൊല്ലപ്പെട്ടതിനു ശേഷമുള്ള അതിശക്തമായ ഭൂകമ്പമാണിത്.

രക്ഷപ്പെട്ടവരില്‍ പലര്‍ക്കും മാതാപിക്കാളെയും, മക്കളെയും, ഭാര്യയെയും, സഹോദരങ്ങളേയും നഷ്ടപ്പെട്ടു. നിരവധി പേര്‍ കിടപ്പാടം നഷ്ടപ്പെട്ട് ഭക്ഷണവും വെള്ളവുമില്ലാതെ തെരുവില്‍ കഴിയുകയാണ്.

ഇപ്പോഴിതാ, ഭൂകമ്പത്തിന്റെ തന്റെ മാതാപിതാക്കളെ നഷ്ടപ്പെട്ടത് തുറന്നു പറയുകയാണ് ഭൂകമ്പത്തിന് സാക്ഷിയായ ഒരു യുവാവ്. ഭൂകമ്പം ഉണ്ടായപ്പോള്‍ ഞങ്ങള്‍ എല്ലാവരും പുറത്തേക്ക് ഓടി. അച്ഛന്‍ ഉറങ്ങുകയായിരുന്നു. പുറത്തേക്ക് വരാന്‍ ഞാന്‍ അമ്മയോട് അലറിവിളിച്ചു. പക്ഷെ അമ്മ അച്ഛനെ കാത്തുനിന്നു. ഉടന്‍ തന്നെ വീട് തകര്‍ന്നുവീണു. മകനും മാതാപിതാക്കളും കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിപ്പോയി. മകനെ ഒരു വിധത്തില്‍ രക്ഷിക്കാനായി. പക്ഷെ മാതാപിതാക്കളെ പുറത്തെത്തിക്കാനായില്ല. അവര്‍ എന്റെ കണ്‍മുന്നില്‍ മരിച്ചു’- തയേബ് ഐത് ഇഗന്‍ബാസ് പറഞ്ഞു.

മറകേഷ് നഗരത്തിലെ തെക്കന്‍ മേഖലയിലും റാബത്തിലും പര്‍വത മേഖലകളിലെ ഗ്രാമങ്ങളിലുമാണ് ഭൂകമ്പത്തില്‍ ഏറ്റവും നാശനഷ്ടമുണ്ടായത്. ചരിത്ര സ്മാരകങ്ങളും പൗരാണിക നഗരങ്ങളും നിലംപൊത്തി. പല ഗ്രാമങ്ങളും ഇല്ലാതായി.

മറകേഷ് നഗരത്തിന്റെ തെക്ക് പടിഞ്ഞാറന്‍ മേഖലയിലെ ഹൈ അറ്റ്‌ലാന്റിസ് മലനിരകളാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. 18.5 കിലോമീറ്റര്‍ ആഴത്തില്‍ നിന്നാണ് ഭൂകമ്പമുണ്ടായതെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. 6.8 തീവ്രത രേഖപ്പെടുത്തി.

Exit mobile version