ചൈനയില്‍ നിന്ന് സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം വേണം; ഹോങ്കോങില്‍ ആയിരങ്ങള്‍ പ്രതിഷേധപ്രകടനം നടത്തി

ജനാധിപത്യ പരിഷ്‌കരണത്തിന് വേണ്ടി വാദിക്കുന്ന സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധ മാര്‍ച്ച് നടന്നത്

പുതുവര്‍ഷദിനത്തില്‍ ചൈനയില്‍ നിന്ന് സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് ഹോങ്കോങില്‍ പ്രതിഷേധ പ്രകടനം. സ്വതന്ത്ര്യത്തിന് വേണ്ടിയുള്ള സമരങ്ങള്‍ക്ക് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ആയിരങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.

ജനാധിപത്യ പരിഷ്‌കരണത്തിന് വേണ്ടി വാദിക്കുന്ന സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധ മാര്‍ച്ച് നടന്നത്. ചൈനയില്‍ നിന്നും ഹോകോങിന് സമ്പൂര്‍ണ സ്വാതന്ത്ര്യം നല്‍കുക, മൌലികാവകാശങ്ങള്‍ സംരക്ഷിക്കുക സമ്പൂര്‍ണ ജനാധിപത്യം സ്ഥാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് വര്‍ഷങ്ങളായി ഹോങ്കോങില്‍ സമരങ്ങള്‍ നടക്കുന്നുണ്ട്.

ഇത്തരം സമരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തികൊണ്ട് സര്‍ക്കാര്‍ അടുത്തിടെ ഉത്തരവിട്ടിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ആയിരങ്ങള്‍ പുതുവര്‍ഷദിനത്തില്‍ പ്രകടനവുമായി തെരുവിലേക്കിറങ്ങിയത്.

ചൈനയുടെ രാഷ്ട്രീയ അടിച്ചമര്‍ത്തലിനെതിരെ ശബ്ദം ഉയര്‍ത്തുക എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചാണ് പ്രകടനം നടന്നത്. പ്രായഭേദമില്ലാതെ ആയിരങ്ങളാണ് ഹോങ്കോങ് തെരുവീഥകളില്‍ തങ്ങളുടെ അവകാശങ്ങള്ക്കും സ്വതന്ത്ര രാഷ്ട്രമെന്ന സ്വപ്നത്തിനുമായി പ്രകടനത്തില്‍ അണിനിരന്നത്.

ഒരു രാഷ്ട്രം രണ്ട് ഭരണസംവിധാനം എന്ന നയത്തിന്റെ ഭാഗമായി ചൈനയുടെ കീഴിലെ സ്വയംഭരണപ്രദേശമാണ് ഹോങ്കോങ്. 1842 മുതല്‍ ബ്രിട്ടീഷ് കോളനി ആയിരുന്ന ഹോങ്ങ്‌കോങ്ങ് 1997-ല്‍ ചൈനയിലേക്ക് ലയിക്കുന്നത്. അന്ന് തയ്യാറാക്കിയ പ്രത്യേക നിയമത്തിന് കീഴിലാണ് ഇന്നും ഹോങ്കോങ് നിലകൊള്ളുന്നത്. പ്രത്യക ഭരണസംവിധാനങ്ങളും സ്വാതന്ത്ര്യവും ഉണ്ടെങ്കിലും ചൈനീസ് നിയന്ത്രണത്തിലാണ് ഹോങ്കോങ്.

Exit mobile version