യുഎസില്‍ വീണ്ടും വെടിവെയ്പ്പ് : ആശുപത്രി പരിസരത്ത് നാല് പേര്‍ കൊല്ലപ്പെട്ടു

വാഷിംഗ്ടണ്‍ : ടെക്‌സസ് സ്‌കൂളില്‍ 19 കുട്ടികളുള്‍പ്പടെ 21 പേര്‍ കൊല്ലപ്പെട്ട വെടിവെയ്പിന്റെ ഞെട്ടല്‍ മാറും മുമ്പേ അമേരിക്കയില്‍ വീണ്ടും വെടിവെയ്പ്പ്. ഓക്ക്‌ലഹോമയിലെ ആശുപത്രി പരിസരത്ത് ബുധനാഴ്ചയുണ്ടായ വെടിവെയ്പ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു.

വെടിവെയ്പ്പില്‍ അക്രമിയും മരിച്ചിട്ടുണ്ട്. ഇയാള്‍ സ്വയം വെടിയുതിര്‍ത്തതാണോ അതോ പോലീസ് വധിച്ചതാണോ എന്ന് വ്യക്തമല്ല. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിറ്റുണ്ടെന്നാണ് വിവരം. സെന്റ് ഫ്രാന്‍സിസ് ആശുപത്രി പരിസരത്ത് വൈകിട്ട് നാലരയോടെയാണ് വെടിവെയ്പ്പുണ്ടായത്. റൈഫിളും കൈത്തോക്കുമായെത്തിയ അക്രമി പ്രകോപനമില്ലാതെ വെടിവെയ്ക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷിച്ച് വരികയാണെന്ന് അധികൃതര്‍ അറിയിച്ചു.

Also read : മാനനഷ്ടക്കേസില്‍ ജോണി ഡെപ്പിന് വിജയം : ആംബര്‍ 1.5 കോടി നല്‍കണം

മെയ് 24ന് ടെക്‌സസിലെ റോബ് എലമെന്ററി സ്‌കൂളില്‍ 18കാരന്റെ വെടിവെയ്പ്പ് നടന്ന്‌ രണ്ടാഴ്ച തികയും മുമ്പേയാണ് യുഎസില്‍ അടുത്ത വെടിവെയ്പ്പുണ്ടായിരിക്കുന്നത്. അന്നത്തെ അക്രമത്തില്‍ അക്രമിയെ പോലീസ് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയിരുന്നു. ഈ സംഭവത്തിന് കൃത്യം പത്ത് ദിവസം മുമ്പ് ന്യൂയോര്‍ക്കിലെ ബഫല്ലോയില്‍ നടന്ന വെടിവെയ്പ്പില്‍ പത്ത് പേര്‍ പേരാണ് കൊല്ലപ്പെട്ടത്. അമേരിക്കയില്‍ വെടിവെയ്പ്പുകള്‍ വര്‍ധിച്ചു വരുന്നതിനെതിരെ നടപടിയെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അന്ന് പ്രതികരിച്ചിരുന്നു.

Exit mobile version