വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ വെടിവെയ്പ്പ് : അല്‍ ജസീറ മാധ്യമപ്രവര്‍ത്തക കൊല്ലപ്പെട്ടു

വെസ്റ്റ് ബാങ്ക് : വെസ്റ്റ് ബാങ്കില്‍ ഇസ്രയേലി സൈന്യം നടത്തിയ വെടിവെയ്പ്പില്‍ അല്‍ ജസീറ മാധ്യമപ്രവര്‍ത്തക കൊല്ലപ്പെട്ടു. 1997മുതല്‍ അല്‍ ജസീറയുടെ ഫീല്‍ഡ് ജേണലിസ്റ്റ് ആയി പ്രവര്‍ത്തിച്ചു വരികയായിരുന്ന ഷിറീന്‍ അബു ആഖില(51) ആണ് കൊല്ലപ്പെട്ടത്. ജെനിന്‍ നഗരത്തില്‍ ഇസ്രയേല്‍ അതിക്രമം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ കൊല്ലപ്പെടുകയായിരുന്നു.

അല്‍ ജസീറയുടെ തന്നെ മറ്റൊരു മാധ്യമപ്രവര്‍ത്തകനായ അലി സമൗദിക്കും വെടിയേറ്റിറ്റുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്നാണ് പലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഇവര്‍ റിപ്പോര്‍ട്ടിംഗ് നടത്തിയിരുന്ന പ്രദേശത്ത് പലസ്തീനിയന്‍ പോരാളികള്‍ ഉണ്ടായിരുന്നില്ലെന്നും സൈന്യം ഇരുവരുടെ നേരെ നിറയൊഴിക്കുകയുമായിരുന്നുവെന്നും ഇദ്ദേഹം അറിയിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

തങ്ങളോട് സ്ഥലത്ത് നിന്ന് മടങ്ങണമെന്നാവശ്യപ്പെടുകയോ ഫിലിമിംഗ് നിര്‍ത്തണമെന്ന് നിര്‍ദേശിയ്ക്കുകയോ ചെയ്യാതെ തുടരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് സമൗദി അറിയിച്ചിരിക്കുന്നത്. വെടിയേറ്റ ഉടന്‍ തന്നെ ഷിറീനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഫീല്‍ഡിലുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യം വെച്ച് സൈന്യം വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് ആരോപണം. സംഭവസമയം പ്രസ്സ് ഹെല്‍മെറ്റും വെസ്റ്റും ധരിച്ചാണ് ഷിറീന്‍ ഉള്‍പ്പെടെയുള്ള മാധ്യമപ്രവര്‍ത്തകര്‍ ഫീല്‍ഡിലുണ്ടായിരുന്നത്.

Exit mobile version