‘യുവാക്കളെ വഴി തെറ്റിക്കുന്നു’ : അഫ്ഗാനില്‍ ടിക്‌ടോക്കും പബ്ജിയും നിരോധിച്ച് താലിബാന്‍

കാബൂള്‍ : യുവാക്കളെ വഴി തെറ്റിക്കുന്നുവെന്നാരോപിച്ച് അഫ്ഗാനില്‍ ടിക് ടോക്കും പബ്ജിയും നിരോധിച്ച് താലിബാന്‍. താലിബാന്‍ വക്താവ് ഇനാമുല്ല സമാംഗനിയാണ് തീരുമാനം ട്വിറ്ററിലൂടെ അറിയിച്ചത്. ഇസ്ലാമിക നിയമങ്ങളുമായി പൊരുത്തപ്പെടാത്ത പലതും ഇവയിലുണ്ടെന്നാണ്‌ ഭരണകൂടത്തിന്റെ കണ്ടെത്തല്‍.

അധികാരത്തിലേറയതിന് ശേഷം താലിബാന്‍ ആദ്യമായി നിരോധിക്കുന്ന ആപ്പ് ആണ് ചൈനീസ് ആപ്ലിക്കേഷനായ ടിക് ടോക്. ടിക് ടോക്കിന് യുവാക്കളെ തെറ്റായ രീതിയില്‍ സ്വാധീനിക്കാനുള്ള കഴിവുണ്ടെന്നും ഇസ്ലാമിക നിയമങ്ങള്‍ക്ക് വിരുദ്ധമായ പലതും അതിലുണ്ടെന്നും ഇനാമുല്ല പറയുന്നു. ദക്ഷിണ കൊറിയന്‍ ഗെയിമായ പബ്ജിക്കും സമാനമായ പ്രശ്‌നങ്ങളുണ്ടെന്നാണ് ഭരണകൂടം അറിയിക്കുന്നത്. ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാരോട് ഈ രണ്ട് ആപ്ലിക്കേഷനുകളും അഫ്ഗാനില്‍ ലഭ്യമാക്കരുതെന്ന് താലിബാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വാട്‌സ് ആപ്പിനും ഫേസ്ബുക്കിനും ഇതുവരെ രാജ്യത്ത് വിലക്കില്ല.

രാജ്യത്തെ ടെലിവിഷനുകള്‍ക്ക് ഇനി മുതല്‍ ചില ഉള്ളടക്കങ്ങള്‍ സംപ്രേഷണം ചെയ്യുന്നതിനും വിലക്കുണ്ടെന്നാണ് വിവരം. ഇതിന് മുമ്പ് സ്ത്രീകള്‍ പങ്കെടുക്കുന്ന പരിപാടികളും ഷോകളും സംപ്രേഷണം ചെയ്യരുതെന്ന് ടിവി ചാനലുകള്‍ക്ക് താലിബാന്‍ നിര്‍ദേശം നല്‍കിയിരുന്നു.

Exit mobile version