‘അവങ്കാര്‍ഡ്’;റഷ്യന്‍ പ്രസിഡന്റ വ്‌ലാഡിമിര്‍ പുടിന്‍ രാജ്യത്തിന് സമര്‍പ്പിച്ച യഥാര്‍ത്ഥ പുതുവര്‍ഷ സമ്മാനം

ലോകത്തിന്റെ ഏതു ഭാഗത്തുള്ള ലക്ഷ്യവും അവാങ്കാര്‍ഡിന് അരമണിക്കൂറിനകം തകര്‍ക്കാനാകുമെന്നാണു റഷ്യയുടെ അവകാശ വാദം. അതാണ് യുഎസ്, ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ ഭയപ്പെടുത്തുന്നതും

മോസ്‌കോ: റഷ്യയുടെ അവങ്കാര്‍ഡിന്റെ അവസാനഘട്ട വിക്ഷേപണം വിജയകരമായി പൂര്‍ത്തികരിച്ചു. ആണവായുധവും വഹിച്ച്, ശത്രുക്കളുടെ കണ്ണുവെട്ടിച്ച് അതിവേഗം പാഞ്ഞു ലക്ഷ്യം ഭേദിക്കാന്‍ ശേഷിയുള്ള ഗ്ലൈഡറാണ് റഷ്യ വിജയകരമായി പരീക്ഷിച്ചത്. ‘അവങ്കാര്‍ഡ്’ എന്നു പേരിട്ട ഗ്ലൈഡര്‍ സംവിധാനത്തിനു ശബ്ദത്തേക്കാള്‍ 20 മടങ്ങ് വേഗതയില്‍ സഞ്ചരിക്കാനുള്ള ശേഷിയുണ്ട്. പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയതിന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനും സാക്ഷ്യം വഹിച്ചിരുന്നു. അടുത്ത വര്‍ഷം മുതല്‍ അവങ്കാര്‍ഡ് ഔദ്യോഗികമായി റഷ്യയുടെ ആയുധശേഖരത്തിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

തെക്കു പടിഞ്ഞാറന്‍ റഷ്യയില്‍ നടന്ന അവസാനഘട്ട വിക്ഷേപണത്തില്‍ 3500 മൈലുകള്‍ക്ക് അപ്പുറത്തുള്ള കംചട്ക ഉപദ്വീപിനെയാണ് ലക്ഷ്യം വച്ചത്. റോക്കറ്റ് ഉപയോഗിച്ചായിരുന്നു അവങ്കാര്‍ഡിന്റെ ലോഞ്ചിങ്. ആകാശത്തെത്തിയ ശേഷം ആണവായുധമേന്തിയ ഗ്ലൈഡര്‍ റോക്കറ്റില്‍ നിന്നു വിട്ടുമാറി. ഇതാണു ഭൂമിയിലേക്ക് ഹൈപ്പര്‍സോണിക് വേഗത്തില്‍ സഞ്ചരിക്കുക. ഒരു നിരീക്ഷണ സംവിധാനത്തിന്റെയും കണ്ണില്‍പ്പെടാതെ ദിശ മാറി വളഞ്ഞുപുളഞ്ഞായിരിക്കും യാത്ര. മിസൈല്‍ പ്രതിരോധ സംവിധാനങ്ങളെപ്പോലും കബളിപ്പിച്ചു മുന്നേറാനുള്ള ശേഷിയുമുണ്ട്. വരുംനാളുകളില്‍ ഇതു കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും പുടിന്‍ വ്യക്തമാക്കി.
പരമ്പരാഗതമായുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ നേരത്തേ തീരുമാനിച്ച പാതയിലൂടെ മാത്രമായിരിക്കും സഞ്ചരിക്കുക. അതിനാല്‍ത്തന്നെ മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ക്കു തിരിച്ചറിഞ്ഞു വെടിവച്ചിടാന്‍ ഏറെ എളുപ്പമാണ്. എന്നാല്‍ മിസൈലിനെ യാത്രയ്ക്കിടെ ദിശമാറ്റി വിടാന്‍ ഉള്‍പ്പെടെ ശേഷിയുള്ള ‘ഗ്ലൈഡിങ്’ സംവിധാനമാണ് ഇപ്പോള്‍ റഷ്യ സ്വന്തമാക്കിയിരിക്കുന്നത്.

ആയുധങ്ങള്‍ വിക്ഷേപിച്ചതിനു ശേഷം വാഹനം ഭൂമിയിലേക്കു തന്നെ തിരികെയെത്തുന്ന രീതിയിലാണ് ഗ്ലൈഡറിന്റെ നിര്‍മാണം. ലോകത്തിന്റെ ഏതു ഭാഗത്തുള്ള ലക്ഷ്യവും അവാങ്കാര്‍ഡിന് അരമണിക്കൂറിനകം തകര്‍ക്കാനാകുമെന്നാണു റഷ്യയുടെ അവകാശ വാദം. അതാണ് യുഎസ്, ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ ഭയപ്പെടുത്തുന്നതും.

‘ഇത് അദ്ഭുതകരമാണ്. രാജ്യത്തിനായുള്ള യഥാര്‍ഥ ന്യൂ ഇയര്‍ സമ്മാനം’-പുടിന്‍ പ്രതികരിച്ചു. സമാനമായ ഹൈപ്പര്‍സോണിക് ആയുധം വികസിപ്പിക്കുന്നതിന് യുഎസും ചൈനയും ശ്രമം നടത്തുന്നുണ്ട്. നിലവില്‍ വിമാനത്തില്‍ നിന്ന് ഇത്തരം ആയുധങ്ങള്‍ വിക്ഷേപിക്കാനുള്ള ശേഷിയുമുണ്ട് യുഎസിന്. എന്നാല്‍ ആയുധകിട മല്‍സരത്തില്‍ യുഎസിനുള്ള ശക്തമായ മറുപടി കൂടിയാണ് റഷ്യയുടെ ‘വജ്രായുധം’.

റഷ്യന്‍ മിസൈലുകളെ പ്രതിരോധിക്കാനുള്ള ശേഷി യുഎസിന്റെ മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ക്കില്ലെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു. ആയുധ നിര്‍മാണത്തിലെ മെല്ലെപ്പോക്കിനെത്തുടര്‍ന്ന് യുഎസ് ഉദ്യോഗസ്ഥര്‍ക്കു വന്‍ വിമര്‍ശനമാണു നേരിടേണ്ടിവന്നത്. അതിനു പുറമേ അടുത്ത കാലത്ത് ഇത്തരം ആയുധങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള വിഹിതവും യുഎസ് കൂട്ടിയിട്ടുണ്ട്. ആണവ ഇന്ധനം ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന, ആണവായുധം വഹിക്കാന്‍ ശേഷിയുള്ള ‘അണ്ടര്‍ വാട്ടര്‍ ഡ്രോണും’ റഷ്യ പരീക്ഷിച്ചിരുന്നു. യുഎസിലെ മാന്‍ഹട്ടന്‍ പോലുള്ള ഒരു തീരപ്രദേശത്തെ പൂര്‍ണമായും നശിപ്പിക്കാന്‍ തക്ക ശേഷിയുള്ളതാണ് ഇതെന്നാണ് അവകാശവാദം. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ അവാങ്കാര്‍ഡിന്റെ ആദ്യ പരീക്ഷണത്തിനൊപ്പമായിരുന്നു ‘പൊസെയ്ഡന്‍’ എന്ന ഈ ഡ്രോണും റഷ്യ പരീക്ഷിച്ചത്.

Exit mobile version