യുദ്ധത്തിന്റെ ആദ്യഘട്ടം അവസാനിച്ചെന്ന് റഷ്യ

മോസ്‌കോ : ഉക്രെയ്‌നിലെ യുദ്ധത്തിന്റെ ആദ്യ ഘട്ടം അവസാനിച്ചെന്ന് റഷ്യ. അധിനിവേശം തുടങ്ങി ഒരു മാസം പിന്നിടുമ്പോഴാണ് സൈന്യത്തിന്റെ നിര്‍ണായക പ്രഖ്യാപനം.

ഇനി കിഴക്കന്‍ ഉക്രെയ്‌നില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്നാണ് റഷ്യന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. ഡോണ്‍ബാസ് മേഖല കേന്ദ്രീകരിച്ച് അതിന്റെ പൂര്‍ണ വിമോചനത്തിനായുള്ള പ്രവര്‍ത്തനമാകും ഇനി നടത്തുകയെന്ന് പ്രഖ്യാപനത്തില്‍ പറയുന്നു. റഷ്യയോട് ആഭിമുഖ്യം പുലര്‍ത്തുന്നവര്‍ കൂടുതലായി താമസിക്കുന്ന പ്രദേശമാണിത്. ഉക്രെയ്ന്‍ വ്യോമസേനയെയും വ്യോമപ്രതിരോധ സേനയെയും തകര്‍ത്തുവെന്നും നാവിക സേനയെ ഇല്ലാതാക്കിയെന്നുമാണ് റഷ്യന്‍ സൈന്യത്തിന്റെ അവകാശവാദം.

എന്നാല്‍ റഷ്യയുടെ തന്ത്രം പാളിയെന്നും അതിന്റെ തെളിവാണ് പ്രഖ്യാപനമെന്നും നാറ്റോയും പാശ്ചാത്യ രാജ്യങ്ങളും പ്രതികരിച്ചു. യുദ്ധത്തിലുണ്ടായ ആള്‍നാശം റഷ്യ ഒളിച്ചു വയ്ക്കുകയാണെന്നാണ് പാശ്ചാത്യ രാജ്യങ്ങളുടെ ആരോപണം. റഷ്യന്‍ സേനയ്ക്ക് ശക്തമായ തിരിച്ചടി നല്‍കാനായെന്നും പോരാട്ടത്തിനവസാനമില്ലെന്നുമാണ് ഉക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി പ്രതികരിച്ചിരിക്കുന്നത്.

Exit mobile version