ഉക്രെയ്‌നിലേത് യുദ്ധമെന്ന് പറയരുതെന്ന് മാധ്യമങ്ങളോട് റഷ്യ

മോസ്‌കോ : ഉക്രെയ്‌നിലേത് യുദ്ധമെന്ന് വിശേഷിപ്പിക്കരുതെന്ന് മാധ്യമങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി റഷ്യ. റഷ്യന്‍ അധിനിവേശം, യുദ്ധം എന്നീ വാക്കുകള്‍ ഉപയോഗിക്കരുതെന്നും പകരം പ്രത്യേക ‘സൈനിക ഓപ്പറേഷന്‍’ എന്ന വാക്ക് ഉപയോഗിക്കണമെന്നുമാണ് നിര്‍ദേശം.

അനുസരിക്കാത്ത പക്ഷം വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം നിരോധിക്കുന്ന തരത്തിലുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇത് സംബന്ധിച്ച് സ്‌കൂളുകളിലടക്കം ബോധവത്കരണ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. യുദ്ധം പ്രമേയമാക്കി പ്രത്യേക സാമൂഹിക പഠന ക്ലാസ്സുകളാണ് ഇപ്പോള്‍ തുടങ്ങിയിട്ടുള്ളത്.

ഏഴ് മുതല്‍ പതിനൊന്ന് വരെയുള്ള ക്ലാസ്സുകളില്‍ റഷ്യന്‍ സര്‍ക്കാരിന്റെ ചരിത്രവും എങ്ങനെയാണ് സര്‍ക്കാര്‍ പ്രത്യേക സൈനിക ഓപ്പറേഷന്‍ ഉക്രെയ്‌നില്‍ നടത്തുന്നതെന്നും കുട്ടികള്‍ക്ക് ക്ലാസ്സുകളെടുക്കാന്‍ ടീച്ചര്‍മാര്‍ക്ക് നിര്‍ദേശമുണ്ട്. ഇതിനായി സ്‌കൂളുകളില്‍ പ്രത്യേക കൈപ്പുസ്തകം വിതരണം ചെയ്യുന്നുണ്ട്.

20ാം നൂറ്റാണ്ട് വരെ ഉക്രെയ്ന്‍ എന്ന രാഷ്ട്രം നിലവിലുണ്ടായിരുന്നില്ല എന്നും രാഷ്ട്രീയ അട്ടിമറിയിലൂടെ ഉക്രെയ്‌നില്‍ 2014ല്‍ അമേരിക്കന്‍ പാവ ഭരണകൂടം സ്ഥാപിച്ചതാണെന്നുമാണ് റഷ്യന്‍ മാധ്യമമായ മീഡിയസോണ പ്രസിദ്ധീകരിച്ച കൈപ്പുസ്തകത്തില്‍ പറയുന്നത്.ഉക്രെയ്‌നിലെ റഷ്യന്‍ വിരുദ്ധ വിഭാഗം ആണവായുധങ്ങള്‍ നിര്‍മിക്കാനുള്ള ശേഷി കൈവരിച്ചതും റഷ്യയുടെ സുരക്ഷാ ആശങ്കകള്‍ വാഷിംഗ്ടണ്‍ അവഗണിച്ചതും നാറ്റോയുടെ നീക്കങ്ങളും സൈനിക ഓപ്പറേഷന് പ്രേരകമായതായി ഇതില്‍ എടുത്തു കാട്ടുന്നുണ്ട്.

കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗം ശ്രദ്ധിക്കാന്‍ രക്ഷിതാക്കള്‍ക്കും നിര്‍ദേശമുണ്ട്. no to war പോലുള്ള ഹാഷ്ടാഗുകളില്‍ കുട്ടികള്‍ ആകൃഷ്ടരാകാമെന്നും സുരക്ഷിതമല്ലാത്ത പ്രതിഷേധ പരിപാടികളില്‍ പങ്കെടുക്കാന്‍ സമൂഹമാധ്യമങ്ങളിലൂടെ കുട്ടികള്‍ പ്രേരിപ്പിക്കപ്പെടാമെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ നിര്‍ദേശത്തില്‍ പറയുന്നു.

Exit mobile version