2021ല്‍ മാത്രം റഷ്യയിലെ ജനസംഖ്യ പത്ത് ലക്ഷത്തിലധികം കുറഞ്ഞതായി റിപ്പോര്‍ട്ട്

മോസ്‌കോ : 2021ല്‍ മാത്രം റഷ്യയിലെ ജനസംഖ്യ പത്ത് ലക്ഷത്തിലധികം കുറഞ്ഞതായി സ്റ്റാറ്റിസ്റ്റിക് ഏജന്‍സിയായ റോസ്റ്റാറ്റയുടെ റിപ്പോര്‍ട്ട്. വലിയ തോതിലുള്ള കോവിഡ് മരണങ്ങളാണ് ജനസംഖ്യയിലെ കുറവിന് പ്രധാന കാരണമായി റോസ്റ്റാറ്റ വിലയിരുത്തുന്നത്.കൊറോണ വൈറസ് ബാധിച്ച് 6,60,000 പേരാണ് റഷ്യയില്‍ ഇതുവരെ മരണമടഞ്ഞിട്ടുള്ളത്.

സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം ജനസംഖ്യയില്‍ ഇത്ര വലിയ ഇടിവ് റഷ്യയില്‍ രേഖപ്പെടുത്തുന്നത് ഇതാദ്യമാണ്. സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പുറത്തുവിടുന്ന മരണനിരക്കിനേക്കാള്‍ കൂടുതലാണ് റോസ്റ്റാറ്റ് പ്രതിമാസം പ്രസിദ്ധീകരിക്കുന്ന കോവിഡ് മരണങ്ങളുടെ എണ്ണം.

കോവിഡ് ബാധ മാത്രം മൂലം മരിച്ചവരുടെ കണക്കുകളാണ് സര്‍ക്കാര്‍ പുറത്ത് വിടുന്നത്. കോവിഡിനോടനുബന്ധിച്ച് വരുന്ന രോഗങ്ങള്‍ മൂലമുള്ള മരണങ്ങളൊന്നും കോവിഡ് മരണങ്ങളായി സര്‍ക്കാര്‍ കണക്കാക്കുന്നില്ല. ഈ സാഹചര്യത്തിലും കോവിഡ് മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങളുടെ തീവ്രത കുറച്ചു കാണുകയാണ് സര്‍ക്കാര്‍.

റഷ്യന്‍ സര്‍ക്കാരിനെതിരെ ഉയരുന്ന പ്രധാന വിമര്‍ശനവും ഇതാണ്. രാജ്യത്ത് വാക്‌സിനേഷന്‍ മന്ദഗതിയിലാണ് എന്നത് കൂടാതെ കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങള്‍ ഒന്നും തന്നെ നടപ്പാക്കപ്പെടുന്നില്ല. ആളുകളെല്ലാവരും തന്നെ മാസ്‌ക് ഇല്ലാതെയാണ് പൊതുയിടങ്ങളില്‍ എത്തുന്നത്.

കോവിഡ് മരണങ്ങള്‍ കൂടാതെ കഴിഞ്ഞ 30 വര്‍ഷമായി റഷ്യ അഭിമുഖീകരിക്കുന്ന താഴ്ന്ന ജനനനിരക്കും കുറഞ്ഞ ആയുര്‍ദൈര്‍ഘ്യവും ജനസംഖ്യാ വര്‍ധനവില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.ആയുര്‍ ദൈര്‍ഘ്യം മെച്ചപ്പെടുത്തുന്നതിനും പ്രത്യുല്‍പാദന ശേഷി വര്‍ധിപ്പിക്കുന്നതിനും സര്‍ക്കാര്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്. ഒന്നിലധികം കുട്ടികളുള്ളവര്‍ക്ക് ക്യാഷ് ബോണസ് അടക്കമുള്ള പദ്ധതികള്‍ റഷ്യയില്‍ പ്രാബല്യത്തിലാക്കിയിട്ടുണ്ട്.

കുട്ടികളുണ്ടാവുക എന്നത് എത്ര മാത്രം സന്തോഷം നല്‍കുന്ന ഒരു കാര്യമാണെന്നും കുട്ടികള്‍ നല്‍കുന്നതില്‍ കവിഞ്ഞൊരു സന്തോഷം ലോകത്തുണ്ടാവില്ല എന്നുമൊക്കെ വൈകാരികപരമായി ജനങ്ങളെ വരുതിയിലാക്കാനും പുടിന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ശ്രമങ്ങളുണ്ട്.

Exit mobile version