വീട്ടുകാര്‍ക്ക് സര്‍പ്രൈസൊരുക്കി രണ്ട് വയസ്സുകാരന്‍: ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്തത് 1.40 ലക്ഷത്തിന്റെ ഗൃഹോപകരണങ്ങള്‍

ഇത് ഓണ്‍ലൈന്‍ പര്‍ച്ചേയ്‌സിങിന്റെ കാലമാണ്. ഉപ്പുതൊട്ട് കര്‍പ്പൂരം വരെ മൊബൈലില്‍ നിന്നും വിരലൊന്നു ഞൊടിച്ചാല്‍ വീട്ടുമുറ്റത്തെത്തും. എന്നാല്‍ ഇത്തരത്തില്‍ അബദ്ധം പറ്റുന്നവരുമുണ്ട്.

അത്തരത്തില്‍ ഒരു കുഞ്ഞ് ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തതാണ് സോഷ്യല്‍ ലോകത്ത് വൈറലായിരിക്കുന്നത്. ന്യൂജഴ്സിയിലെ ഇന്ത്യന്‍ വംശജരായ പ്രമോദ് കുമാറും ഭാര്യ മാധു കുമാറുമാണ് രസകരമായ കഥ പങ്കുവച്ചിരിക്കുന്നത്. രണ്ടുവയസ്സുകാരനായ മകന്‍ ഗൃഹോപകരണങ്ങളും ഫര്‍ണിച്ചറുകളും വാങ്ങിച്ചിരിക്കുന്നതാണ് സംഭവം.

ഇരുവരും മക്കള്‍ക്കൊപ്പം ഈയിടെ പുതിയ വീട്ടിലേക്ക് താമസം മാറിയിരുന്നു. ഒരു ദിവസം ഓണ്‍ലൈന്‍ ഡെലിവറിയായി ചില പെട്ടികള്‍ വീട്ടിലെത്തി. അധികം വൈകാതെ കുറേയധികം പെട്ടികളും പുതിയ വീട്ടിലെത്തി. പെട്ടി തുറന്നപ്പോള്‍ കണ്ടത് ഗൃഹോപകരണങ്ങളും ഫമര്‍ണിച്ചറുകളും. വിലാസം മാറിയതാണോയെന്ന് പരിശോധിച്ചെങ്കിലും അബദ്ധം പിണഞ്ഞത് ഓണ്‍ലൈന്‍ കമ്പനിക്കല്ലെന്ന് മനസിലായി. 1.40 ലക്ഷത്തിന്റെ ഫര്‍ണിച്ചറുകളാണ് രണ്ടുവയസ്സുകാരന്‍ വാങ്ങിച്ചിരിക്കുന്നത്.

പിന്നീട് അന്വേഷണം വീട്ടിലെ മറ്റാരെങ്കിലുമാണോ ഓര്‍ഡര്‍ ചെയ്തതെന്നായി. മാധു ആദ്യം വിളിച്ചത് ഭര്‍ത്താവിനെയാണ്, സര്‍പ്രൈസ് ആണോയെന്നായിരുന്നു ആദ്യ സംശയം. അല്ലെന്ന് പ്രമോദ് അമ്പരപ്പോടെ മറുപടി പറഞ്ഞു. വീട്ടിലെ മുതിര്‍ന്ന കുട്ടികള്‍ ഒപ്പിച്ച പണിയാണെന്നായിരുന്നു സംശയം.

എന്നാല്‍ അതുമല്ല. ഇതിനിടെ വീട്ടിലെ ബഹളമൊക്കെ ശ്രദ്ധിച്ച് ഒരാള്‍ ശാന്തനായി ഇരിക്കുന്നുണ്ടായിരുന്നു. രണ്ടു വയസുകാരനായ ഇളയ മകന്‍ അയാംഷ്.
അമ്മയുടെ ഫോണില്‍ ഇടയ്ക്കിടെ കളിക്കുന്ന സ്വഭാവം അയാംഷിനുമുണ്ട്. ഈ സാധനങ്ങളെല്ലാം അയാംഷാണ് ഓര്‍ഡര്‍ ചെയ്തതെന്ന് മനസിലാക്കിയതോടെ തങ്ങള്‍ക്ക് ചിരിയാണ് വന്നതെന്നും ഇനിമുതല്‍ ഫോണുകളില്‍ നിര്‍ബന്ധമായും പാസ് വേഡ് ലോക്കുകള്‍ ഉപയോഗിക്കുമെന്നും മാധു പിന്നീട് പ്രതികരിച്ചു.


ഫോണുകളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഓണ്‍ ചെയ്യാതിരുന്നതാണ് ഇത്തരമൊരു അമളി വിളിച്ചുവരുത്തിയതിന് കാരണം. പല ഓണ്‍ലൈന്‍ സ്ഥാപനങ്ങളിലും നാം ബാങ്ക് വിവരങ്ങള്‍ നല്‍കിയിട്ടുണ്ടാവും. ചിലപ്പോള്‍ രണ്ട് ക്ലിക്കുകളില്‍ ലക്ഷങ്ങള്‍ അക്കൗണ്ടില്‍ നിന്ന് നഷ്ടപ്പെടുകയും ചെയ്യും. സുരക്ഷാ ക്രമീകരണങ്ങളും ചൈല്‍ഡ് ലോക്കും ഉപയോഗിക്കുന്നത് ഇത്തരം പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായകരമാവും.

Exit mobile version