സംഗീതജ്ഞര്‍ നോക്കിനില്‍ക്കേ വാദ്യോപകരണങ്ങള്‍ക്ക് തീയിട്ട് താലിബാന്‍ : വീഡിയോ

കാബൂള്‍ : അഫ്ഗാനില്‍ സംഗീതത്തിന് വിലക്കേര്‍പ്പെടുത്തിയ ഉത്തരവിന് പിന്നാലെ തുടര്‍ നടപടികളുമായി താലിബാന്‍. പക്ത്യ പ്രവിശ്യയില്‍ സംഗീതജ്ഞരുടെ മുന്നില്‍ വെച്ച് താലിബാന്‍ വാദ്യോപകരണങ്ങള്‍ക്ക് തീയിട്ടു.

സംഭവത്തിന്റെ വീഡിയോ അഫ്ഗാന്‍ മാധ്യമപ്രവര്‍ത്തകനായ അബ്ദുള്ളാഖ് ഒമേരി ട്വിറ്ററില്‍ പങ്ക് വച്ചിട്ടുണ്ട്.സംഗീതജ്ഞര്‍ നോക്കിനില്‍ക്കേ താലിബാന്‍ വാദ്യോപകരണങ്ങള്‍ കത്തിച്ചെന്നും പക്ത്യ പ്രവിശ്യയിലെ നസായി അറൂബിലാണ് സംഭവമെന്നും ഒമേരി ട്വീറ്റ് ചെയ്തു.

ഉപകരണങ്ങള്‍ക്ക് തീയിട്ട ശേഷം താലിബാന്‍ ഭീകരര്‍ ആര്‍ത്ത് ചിരിക്കുന്നതും സംഗീതജ്ഞര്‍ അരികിലായി നിന്ന് വിതുമ്പുന്നതും കാണാം. തീയിടുന്നതിന്റെ ദൃശ്യം തോക്കുധാരികളായ ഭീകരര്‍ മൊബൈലില്‍ പകര്‍ത്തുന്നുമുണ്ട്. കുറച്ച് നാളുകള്‍ക്ക് മുമ്പാണ് വാഹനങ്ങളില്‍ സംഗീതം നിരോധിച്ച് താലിബാന്‍ ഉത്തരവിറക്കിയത്. ഇതിനെത്തുടര്‍ന്ന് വിവാഹ ചടങ്ങുകളിലും സംഗീതം പാടില്ലെന്ന പ്രസ്താവനയിറങ്ങി. ഇത് കൂടാതെ സ്ത്രീകള്‍ അഭിനയിക്കുന്ന ടിവി ഷോകളൊന്നും തന്നെ രാജ്യത്ത് സംപ്രേഷണം ചെയ്യാന്‍ പാടില്ലെന്നും താലിബാന്‍ തിയമം വെച്ചു.

ഇതിന് മുമ്പ് അധികാരത്തിലിരുന്നപ്പോഴും അഫ്ഗാനില്‍ വിനോദപരിപാടികള്‍ക്ക് താലിബാന്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. ഭരണം മുമ്പത്തെ പോലെ കഠിനമാകില്ലെന്നാണ് ഇക്കുറി അധികാരമേല്‍ക്കുമ്പോള്‍ താലിബാന്‍ അറിയിച്ചിരുന്നതെങ്കിലും അത്രയും തന്നെ കടുത്ത നിയന്ത്രണങ്ങിലേക്കാണ് രാജ്യം നീങ്ങുന്നതെന്ന സൂചനകളാണ് അഫ്ഗാനില്‍ നിന്നെത്തുന്നത്.

Exit mobile version