അഴിമതിയും മയക്കുമരുന്നും ഐഎസ് ബന്ധവും : മൂവായിരത്തോളം പ്രവര്‍ത്തകരെ പുറത്താക്കി താലിബാന്‍

കാബൂള്‍ : സ്വഭാവദൂഷ്യം ആരോപിച്ച് മൂവായിരത്തോളം പ്രവര്‍ത്തകരെ സംഘടനയില്‍ നിന്ന് പുറത്താക്കി താലിബാന്‍. അഫ്ഗാനില്‍ അധികാരത്തിലെത്തിയ ശേഷം താലിബാന്‍ നടത്തിയ ഏറ്റവും വലിയ ‘ശുദ്ധീകരണ’ പ്രക്രിയയിലാണ് നടപടി.

താലിബാന്‍ സര്‍ക്കാരിന് കീഴിലുള്ള പ്രതിരോധ മന്ത്രാലയത്തിലെ പ്രത്യേക പാനലിന്റെ ശുപാര്‍ശ പ്രകാരമാണ് പ്രവര്‍ത്തകര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. സംഘടനയുടെ നിയമങ്ങള്‍ അനുസരിക്കാത്ത പ്രവര്‍ത്തകരെയാണ് പുറത്താക്കിയതെന്നും ഇതുവരെ 2840 പേര്‍ക്കെതിരെയാണ് ഇത്തരത്തില്‍ നടപടി സ്വീകരിച്ചിട്ടുള്ളതെന്നും താലിബാന്‍ വക്താവ് ലതീഫുള്ള ഹക്കീമി അറിയിച്ചു.

“ഇസ്ലാമിക് എമിറേറ്റിന്റെ പേരിന് കളങ്കമുണ്ടാക്കിയ പ്രവര്‍ത്തകരെയാണ് പുറത്താക്കിയിരിക്കുന്നത്. മോശം സ്വഭാവമുള്ളവര്‍ ഭാവിയില്‍ നല്ലൊരു സൈനിക-പോലീസ് സേനയ്ക്ക് ഭീഷണിയാണെന്ന് കണ്ടാണ് നടപടി. പുറത്താക്കിയവര്‍ അഴിമതിയും മയക്കുമരുന്ന് ഇടപാടുകളും നടത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ ജനങ്ങളുടെ സ്വകാര്യജീവിതത്തിലും കടന്നു കയറി പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. ഇത് കൂടാതെ ഇവര്‍ക്ക് ഐഎസുമായും ബന്ധമുണ്ട്.
ഇവയൊന്നും താലിബാന്റെ നിയമങ്ങള്‍ക്കനുസരിച്ചുള്ള പ്രവര്‍ത്തികളല്ല.” ഹക്കീമി പറഞ്ഞു.

പതിനാല് പ്രവിശ്യകളില്‍ നിന്നുള്ള പ്രവര്‍ത്തകരെയാണ് നിലവില്‍ പുറത്താക്കിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രവിശ്യകളിലേക്ക് നടപടി നീളുമെന്നാണ് വിവരം. മുമ്പത്തെപ്പോലെ രാജ്യത്ത് കടുത്ത നിയന്ത്രണങ്ങള്‍ നടപ്പാക്കില്ലെന്നാണ് ഇക്കുറി അധികാരത്തിലെത്തിയപ്പോള്‍ താലിബാന്‍ വ്യക്തമാക്കിയിരുന്നതെങ്കിലും ഭരണത്തില്‍ തെല്ലും മാറ്റമില്ലെന്നാണ് അഫ്ഗാനില്‍ നിന്നുള്ള വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. സര്‍വകലാശാലകളില്‍ പെണ്‍കുട്ടികളുടെ വസ്ത്രധാരണം സംബന്ധിച്ച് കര്‍ശന നിര്‍ദേശം നല്‍കിയ താലിബാന്‍ ഭരണകൂടം മാധ്യമസ്വാതന്ത്ര്യം ഉറപ്പാക്കുമെന്ന് പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കകം നടുറോഡില്‍ മാധ്യമപ്രവര്‍ത്തകരെ തല്ലിച്ചതച്ചു.

1996-2001 കാലയളവില്‍ താലിബാന്‍ ടിവി ചാനലുകള്‍, സിനിമകള്‍ തുടങ്ങി മിക്ക വിനോദോപാധികള്‍ക്കും വിലക്കേര്‍പ്പെടുത്തിയിരുന്നു. വോയ്‌സ് ഓഫ് ഷരിയ എന്ന റേഡിയോ സ്‌റ്റേഷന്‍ മാത്രമാണ് പ്രവര്‍ത്തിച്ചത്.സ്ത്രീകളുടെ വ്യക്തിസ്വാതന്ത്ര്യത്തിന് പുല്ലുവില കല്‍പിക്കുന്ന താലിബാന്‍ കഴിഞ്ഞ മാസം സ്ത്രീകള്‍ കുടുംബത്തിലെ പുരുഷാംഗം കൂടെയില്ലാതെ ഒറ്റയ്ക്ക് ദൂരയാത്ര ചെയ്യരുതെന്നും ഉത്തരവിറക്കിയിരുന്നു.

Exit mobile version