“അന്നത് ചെയ്തില്ലായിരുന്നുവെങ്കില്‍ കാബൂള്‍ ഒന്നടങ്കം അവര്‍ നശിപ്പിച്ചേനെ” : അഫ്ഗാനില്‍ നിന്ന് രക്ഷപെട്ടതിന്റെ നടുക്കുന്ന ഓര്‍മകള്‍ പങ്ക് വച്ച് അഷ്‌റഫ് ഗനി

“വിമാനം കാബൂളില്‍ നിന്ന് പറയുന്നയര്‍ന്നപ്പോഴാണ് അഫ്ഗാന്‍ വിടുകയാണെന്ന ബോധ്യം വന്നത്. ആ ദിവസം ഉറങ്ങിയെഴുന്നേല്‍ക്കുന്നത് വരെ രാജ്യത്ത് നിന്ന് രക്ഷപെടണമെന്ന ചിന്ത പോലും ഉണ്ടായിരുന്നില്ല.” അഫ്ഗാനില്‍ താലിബാന്‍ ഭരണം പിടിച്ച ഓഗസ്റ്റ് 15നെ പറ്റി ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ഒരു നടുക്കമാണ് മുന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിക്ക്.

നാല് പാടും നിന്ന് ഭീകരര്‍ രാജ്യം വളഞ്ഞതും മണിക്കൂറുകള്‍ വെറും നിമിഷങ്ങളായി കടന്നു പോയതുമെല്ലാം ഗനി ഇന്നലെയെന്ന പോലെ ഓര്‍ക്കുന്നുണ്ട്. ബിബിസി റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അഫ്ഗാനിലെ തന്റെ അവസാന ദിവസത്തെക്കുറിച്ചുള്ള ഓര്‍മകള്‍ ഗനി പങ്ക് വെച്ചു.

“അഫ്ഗാനിലെ അവസാന ദിവസമാകും അതെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ല. രാജ്യം ഭീതിയുടെ മുള്‍മുനയിലായിരുന്നുവെങ്കിലും ഭയക്കുന്ന പോലെ ഓഗസ്റ്റ് 15ന് കാബൂളില്‍ പ്രവേശിക്കില്ലെന്നായിരുന്നു തുടക്കത്തില്‍ താലിബാന്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ അന്ന് തന്നെ രണ്ട് താലിബാന്‍ വിഭാഗങ്ങള്‍ വിവിധ ഭാഗങ്ങളില്‍ നിന്നായി കാബൂളിലേക്ക് ഇരച്ചു കയറി. ഒരു വലിയ ഏറ്റുമുട്ടലിനുള്ള സാഹചര്യമാണ് ഒരുങ്ങിയത്. അമ്പത് ലക്ഷത്തോളം പേര്‍ താമസിക്കുന്ന നഗരത്തെ തകര്‍ത്തു കളയാന്‍ തക്കവണ്ണമുള്ള ഏറ്റുമുട്ടലിനുള്ള തയ്യാറെടുപ്പുകളായിരുന്നു കാബൂളിലന്നവര്‍ നടത്തിയത്.

അത്തരമൊരു ഏറ്റമുട്ടലുണ്ടായാല്‍ ജനങ്ങള്‍ക്ക് സംഭവിക്കുന്ന നാശനഷ്ടങ്ങളും ഭീമമായിരിക്കും എന്ന് തിരിച്ചറിഞ്ഞതോടെ ഭാര്യയടക്കം പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിലുണ്ടായിരുന്ന അടുത്ത ആളുകള്‍ക്കെല്ലാം മനസ്സില്ലാ മനസ്സോടെ രാജ്യം വിടാന്‍ അനുമതി നല്‍കി.

പ്രതിരോധ മന്ത്രാലയത്തിലേക്ക് പോകാന്‍ കാറിന് വേണ്ടി കാത്തിരിക്കുകയായിരുന്ന എന്റെ മുന്നിലേക്ക് വന്നത് പേടിച്ചരണ്ട മുഖവുമായി സുരക്ഷാ ഉപദേഷ്ടാവും കൊട്ടാരം സുരക്ഷാ തലവനുമായിരുന്നു. ഇപ്പോള്‍ താലിബാനെതിരെ എന്ത് നിലപാടെടുത്താലും എല്ലാവരും കൊല്ലപ്പെടുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി.

അങ്ങനെയെങ്കില്‍ ഖോസ്തിലേക്ക് പുറപ്പെടാന്‍ തയ്യാറായിരിക്കാന്‍ ഞാന്‍ പറഞ്ഞു. എന്നാല്‍ ഞാനറിയുന്നതിന് മുമ്പ് തന്നെ ഖോസ്തും ജലാലാബാദുമെല്ലാം വീണ് കഴിഞ്ഞിരുന്നു. എങ്ങോട്ട് പോകണമെന്ന് ഒരു നിശ്ചയവും ഇല്ലാതെയാണ് വിമാനത്തില്‍ കയറിയത്. എല്ലാം വളരെ പെട്ടന്നായിരുന്നു. വിമാനം പറന്നുയര്‍ന്നപ്പോഴാണ് രാജ്യം വിടുകയാണെന്ന്
തിരിച്ചറിഞ്ഞത് തന്നെ.” ഗനി ഓര്‍ത്തെടുത്തു.

അഫ്ഗാന്റെ സ്വത്തുക്കളില്‍ വലിയൊരു പങ്കും കൊണ്ടാണ് രാജ്യം വിട്ടതെന്ന വാദം നിരസിച്ച ഗനി തന്റെ ജീവിതരീതി ലളിതമാണെന്നും പണവുമായാണ് കടന്നതെന്ന് സംശയമുണ്ടെങ്കില്‍ എന്ത് അന്വേഷണത്തിനോടും സഹകരിക്കാന്‍ തയ്യാറാണെന്നും പറഞ്ഞു.

സ്വന്തം രാജ്യത്തെ, കൊടുംഭീകരര്‍ക്ക് കുരുതിക്ക് കൊടുത്ത് രക്ഷപെട്ട പ്രസിഡന്റ് ആയാണ് ലോകം ഇപ്പോഴും ഗനിയെ വിശേഷിപ്പിക്കുന്നത്. കാലമെത്ര കഴിഞ്ഞാലും ആ മുറിപ്പാട് മാഞ്ഞ് പോകില്ലെന്നും ഗനിക്കറിയാം. ഗനി രാജ്യം വിട്ടത് ലോകരാജ്യങ്ങള്‍ക്കിടയില്‍ പോലും വലിയ ചര്‍ച്ചയായിരുന്നു. അപമാനകരമാണ് ഗനി ചെയ്ത പ്രവൃത്തി എന്നായിരുന്നു അഫ്ഗാന്‍ വൈസ് പ്രസിഡന്റായിരുന്ന അംറുല്ല സാലിഹയടക്കം പ്രതികരിച്ചത്.

ഓഗസ്റ്റ് ആദ്യവാരം തൊട്ട് അഫ്ഗാനിലെ വിവിധ നഗരങ്ങള്‍ താലിബാന്‍ തങ്ങളുടെ അധീനതയിലാക്കാന്‍ തുടങ്ങിയിരുന്നെങ്കിലും ഗനിയുടെ അപ്രതീക്ഷിത നീക്കമാണ് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കിയതെന്നായിരുന്നു ഏറ്റവും വലിയ വിമര്‍ശനം.

ഗനി രക്ഷപെട്ടാലും ഇല്ലെങ്കിലും അഫ്ഗാന്‍ താലിബാന്‍ പിടിച്ചെടുക്കും എന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയിരുന്നു. എങ്കിലും തന്റെ മരണം വരെ അഫ്ഗാന് വേണ്ടി പോരാടും എന്ന ദൃഢപ്രതിജ്ഞയെടുത്തിരുന്ന ഒരാളുടെ അപ്രതീക്ഷിത അഭാവം ആ രാജ്യത്തിനുണ്ടാക്കിയ ആഘാതം ചെറുതല്ല. അഫ്ഗാനില്‍ ഇതുവരെ ചെയ്തതും ചെയ്യാത്തതുമായ കാര്യങ്ങളേക്കാള്‍ ഓഗസ്റ്റ് 15ലെ പ്രവൃത്തിയിലൂടെയാവും അഫ്ഗാനിലെ വരും തലമുറകള്‍ ഗനിയെ വിലയിരുത്തുക എന്നുറപ്പ്.

Exit mobile version