“നിങ്ങള്‍ ഈ കോളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ നിങ്ങളെ പിരിച്ചുവിടുകയാണ് ” : ബെറ്റര്‍.കോം സിഇഒ സൂം കോളിലൂടെ പിരിച്ചുവിട്ടത് 900 പേരെ

ന്യൂയോര്‍ക്ക് : ഓണ്‍ലൈന്‍ ലോണ്‍ കമ്പനിയായ ബെറ്റര്‍.കോം സൂം കോളിലൂടെ പിരിച്ചുവിട്ടത് 900 ജീവനക്കാരെ. മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള സൂം കോളിലാണ് കമ്പനി സിഇഒ വിശാല്‍ ഗാര്‍ഗ് ജീവനക്കാരോട് പിരിഞ്ഞുപോകാന്‍ നിര്‍ദേശം നല്‍കിയത്. ജീവനക്കാരുടെ പ്രകടനം, ഉല്‍പാദന ക്ഷമത എന്നിവ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്ന് വിശാല്‍ പിന്നീട് പ്രതികരിച്ചു.

കോളിലുണ്ടായിരുന്ന ഒരു ജീവനക്കാരന്‍ തന്നെയാണ് സിഇഒയുടെ നിര്‍ദയമായ നടപടി റെക്കോര്‍ഡ് ചെയ്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. വീഡിയോയുടെ ക്ലിപ്പ് നിമിഷനേരം കൊണ്ട് വൈറലാവുകയും ചെയ്തു.”രണ്ടാമത്തെ തവണയാണ് ഞാനിത് ചെയ്യുന്നത്. കഴിഞ്ഞ തവണ ഇത് ചെയ്തപ്പോള്‍ ഞാന്‍ കരഞ്ഞു. ഇത്തവണ കൂടുതല്‍ കരുത്തോടെയിരിക്കാന്‍ ശ്രമിക്കും.ഈ കോളില്‍ നിങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ഇനി പറയാന്‍ പോകുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്കിഷ്ടപ്പെടില്ല. നിങ്ങളെ പിരിച്ചുവിടാന്‍ പോവുകയാണ്. ഇത്തരവ് ഉടന്‍ പ്രാബല്യത്തില്‍ വരും.” ജീവനക്കാരോട് വിശാല്‍ പറഞ്ഞതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.

പിരിച്ചുവിട്ട ജീവനക്കാരില്‍ 250 പേരെങ്കിലും രണ്ട് മണിക്കൂര്‍ മാത്രം ജോലി ചെയ്ത് എട്ട് മണിക്കൂറിന്റെ ശമ്പളം വാങ്ങുന്നവരായിരുന്നുവെന്നാണ് വിശാലിന്റെ ന്യായീകരണം. മുമ്പും ഇത്തരത്തില്‍ ബഹുമാനമില്ലാത്ത രീതിയില്‍ ജീവനക്കാരോട് പെരുമാറിയിട്ടുള്ളയാളാണ് വിശാല്‍. നിങ്ങളെക്കൊണ്ട് ഒന്നിനും കൊള്ളില്ലെന്നും നിങ്ങളെന്നെ ശല്യപ്പെടുത്തുന്നുവെന്നുമൊക്കെ എഴുതിയ ഇമെയിലുകള്‍ ജീവനക്കാര്‍ക്ക് അയച്ചതിന് ഇയാള്‍ പഴി കേട്ടിരുന്നു.

Exit mobile version