രണ്ടാം ലോകമഹായുദ്ധകാലത്തെ ബോംബ് പൊട്ടി ജര്‍മനിയില്‍ നാല് പേര്‍ക്ക് പരിക്ക്

മ്യൂണിച്ച് : രണ്ടാം ലോകമഹായുദ്ധകാലത്തേതെന്ന് കരുതപ്പെടുന്ന ബോംബ് പൊട്ടി ജര്‍മനിയില്‍ നാല് പേര്‍ക്ക് പരിക്ക്. മ്യൂണിച്ചിലുള്ള റെയില്‍വേ കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ ഡില്ലിംഗ് വര്‍ക്കുകള്‍ നടക്കുന്നതിനിടെയായിരുന്നു സംഭവം. സ്‌ഫോടനത്തിന്റെ ശക്തിയില്‍ ഒരു എസ്‌കവേറ്റര്‍ മറിഞ്ഞു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.

ടണലിനായി കുഴിച്ച സമയത്താണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിന് പിന്നാലെ ട്രെയിന്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടു.250 കിലോഗ്രാം ഭാരമുള്ള ബോംബാണ് പൊട്ടിത്തെറിച്ചത്. രണ്ടാം ലോകമഹായുദ്ധം നടന്നിട്ട് എഴുപത് വര്‍ഷം പിന്നിട്ടെങ്കിലും ജര്‍മനിയിലും സമീപ പ്രദേശങ്ങളിലും യുദ്ധകാലത്തെ ബോംബുകള്‍ കണ്ടെത്തുന്നത് സ്ഥിരമാണ്. ഓരോ വര്‍ഷവും 2000 ടണ്‍ സജീവ ബോംബുകളാണ് രാജ്യത്ത് കണ്ടെത്തുന്നതെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പോളണ്ടില്‍ കണ്ടെത്തിയ ബോംബാണ് ഇത്തരത്തില്‍ കണ്ടെടുക്കപ്പെട്ടവയില്‍ ഏറ്റവും വലുത്. ഭൂകമ്പ ബോംബ് എന്ന് വിശേഷിപ്പിച്ചിരുന്ന ഇവ ബ്രിട്ടന്റെ വ്യോമസേന ഉപയോഗിച്ചിരുന്നതാണ്. 5400കിലോയിലധികം ഭാരമുളളവയായിരുന്നു ഇത്തരം ബോംബുകള്‍.

യുദ്ധകാലത്ത് 1.5 മില്യണ്‍ ടണ്‍ ബോംബുകളാണ് രാജ്യത്ത് ബ്രിട്ടീഷ്-അമേരിക്കന്‍ ബോംബുകള്‍ വര്‍ഷിച്ചിട്ടുള്ളത്. ഇതില്‍ 15 ശതമാനം ബോംബുകള്‍ പൊട്ടിയിട്ടില്ലെന്നാണ് ഔദ്യോഗിക കണക്ക്. ആറ് ലക്ഷം പേരാണ് യുദ്ധത്തില്‍ കൊല്ലപ്പെട്ടത്.

Exit mobile version