ആ കുട്ടികളുടെ മുഖത്ത് പുഞ്ചിരി വിരിയിക്കും! ലോകം നിറകൈയ്യടികളോടെ ആ ഉത്തരം കേട്ടു, കാത്രിയോണ കിരീടം ചൂടി

തൊണ്ണൂറ്റിമൂന്ന് സുന്ദരിമാരെ പിന്തള്ളിയാണ് 22 കാരി കാത്രിയോണ ഗ്രേ 2018ലെ വിശ്വസുന്ദരി കിരീടം ചൂടിയത്. മിസ് ദക്ഷിണാഫ്രിക്ക തമ്രിയാന്‍ ഗ്രീന്‍, മിസ് വെനസ്വേല സ്റ്റേഫാനി ഗുട്ടറിസ് എന്നിവര്‍ ഫസ്റ്റ്, സെക്കന്‍ഡ് റണ്ണറപ്പുകളായി.

ചേരികളിലെ കുട്ടികള്‍ക്കും എയ്ഡ്‌സ് രോഗികള്‍ക്കുവേണ്ടിയുമാണ് കാത്രിയോണയുടെ പ്രവര്‍ത്തനങ്ങള്‍. കാത്രിയോണയെ വിശ്വസുന്ദരിയാക്കിയത് സൗന്ദര്യം മാത്രമല്ല കാത്രിയോണയുടെ മനോഭാവം കൂടിയായിരുന്നു.

നിങ്ങള്‍ ജീവിതത്തില്‍ പഠിച്ചിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട പാഠമെന്താണ്? അത് എപ്പോഴെങ്കിലും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞിട്ടുണ്ടോ എന്നതായിരുന്നു മത്സരവേളയില്‍ കാത്രിയോണയെ കീരീടത്തിലെക്കെത്തിച്ച ചോദ്യം.
എല്ലാവരുടെയും മനം കീഴടക്കുന്നതായിരുന്നു കാത്രിയോണയുടെ ഉത്തരം.

”ടോണ്ടോയിലെയും മനിലയിലെയും ചേരികളില്‍ ഞാന്‍ ഒരുപാട് പ്രവര്‍ത്തിച്ചിട്ടുണ്ട്. മനിലയിലെ ആളുകളുടെ ജീവിതം വളരെ ദയനീയവും സങ്കടകരവുമാണ്. അതിലെ സൗന്ദര്യം കാണാന്‍, അവിടുത്തെ കുട്ടികളുടെ മുഖത്തെ സന്തോഷം കാണാന്‍, അവരോട് കരുണയുള്ളവളാകാന്‍ ഞാന്‍ എന്നെ സ്വയം പഠിപ്പിച്ചു. മിസ്സ് യൂണിവേഴ്‌സാകാനായി ഞാന്‍ ഇവിടെ എത്തിയപ്പോള്‍ എന്റെ കാഴ്ച്ചപ്പാടും അതു തന്നെയായിരുന്നു.

വിശ്വസുന്ദരിയായാല്‍ ഈ വിഷയം ഞാന്‍ ഉയര്‍ത്തിക്കൊണ്ടുവരും. അവരുടെ ഉന്നമനമാവും എന്റെ ലക്ഷ്യം. വക്താവ് എന്നനിലയില്‍ ഈ വിഷയത്തില്‍ എന്തെങ്കിലും ചെയ്യുകയാവും എന്റെ ലക്ഷ്യം. കൂടുതല്‍ കരുണയുള്ളവരാകാന്‍ ആളുകളെ പ്രേരിപ്പിക്കും. കുട്ടികളുടെ മുഖത്ത് പുഞ്ചിരിവിരിയുന്ന, നിഷേധാത്മകമായ കാഴ്ചപ്പാടുകള്‍ ഇല്ലാത്ത സുന്ദരമായ ഒരു ലോകമുണ്ടാവും’.

നിറഞ്ഞ കൈയ്യടികളോടെയാണ് കാത്രിയോണയുടെ ഉത്തരം കേട്ടത്. മ്യൂസിക്കില്‍ ബിരുദാനന്തരം ബിരുദം നേടിയ കാത്രിയോണ ചേരികളിലേ കുട്ടികള്‍ക്കു വേണ്ടിയും എയ്ഡ്സ് രോഗികള്‍ക്ക് വേണ്ടിയുമാണ് പ്രവര്‍ത്തിക്കുന്നത്.

Exit mobile version