ഡെൻവർ: ഡേറ്റിങ് ആപ്പുകൾ ആധുനിക കാലത്ത് മനുഷ്യരുടെ ജീവിതത്തിന്റെ ഭാഗമായിരിക്കുകയാണ്. മനസിന് ഇണങ്ങിയ പങ്കാളിയെ തേടി യുവാക്കൾ ഡേറ്റിങ് ആപ്പുകളിൽ രജിസ്റ്റർ ചെയ്യുന്നതും പതിവാണ്. ഇതിനിടെ ഡേറ്റിങ് ആപ്പിനെതിരെ പരാതി നൽകി വ്യത്യസ്തനായിരിക്കുകയാണ് യുഎസിലെ യുവാവ്.
ഡെൻവറിലാണ് സംഭവം. ഡേറ്റിങ് ആപ്പിൽ ആവശ്യത്തിന് പെൺകുട്ടികൾ ഇല്ലാത്തതിനാൽ 29കാരനായ യുവാവ് ആപ്പ് സർവീസ് പ്രൊവൈഡർക്കെതിരെ കോടതിയെ സമീപിച്ചതാണ് റിപ്പോർട്ട്. ആപ്പിൽ വളരെ കുറച്ച് പെൺകുട്ടികൾ മാത്രമേ ഉള്ളുവെന്ന് കാണിച്ചാണ് ഇയാൻ ക്രോസ് എന്ന യുവാവ് കോടതിയെ സമീപിച്ചിരിക്കുന്നതെന്ന് ഡെൻവർ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
25 മുതൽ 35 വരെ പ്രായത്തിലുള്ള നിരവധി പെൺകുട്ടികൾ ആപ്പ് ഉപയോഗിക്കുന്നുണ്ടെന്ന് ആപ്പിന്റെ പ്രതിനിധി തന്നോട് പറഞ്ഞതായാണ് യുവാവ് വെളിപ്പെടുത്തുന്നത്. എന്നാൽ വലിയ പണം നൽകി അംഗത്വം എടുത്തപ്പോഴാണ് ആ പ്രായപരിധിയിൽ വെറും അഞ്ച് പെൺകുട്ടികൾ മാത്രമാണ് ആപ്പിൽ ഉള്ളതെന്ന് മനസ്സിലായതെന്നും പരാതിയിൽ പറയുന്നു.
ഡെൻവർ ഡേറ്റിങ് കോ എന്ന ആപ്പിന്റെ സർവീസ് പ്രൊവൈഡർ ആയ എച്ച്എംസെഡ് ഗ്രൂപ്പിനെതിരെയാണ് യുവാവ് പരാതി നൽകിയിരിക്കുന്നത്.