‘ടിക്കറ്റ് നിരക്ക് കുറച്ചില്ലെങ്കില്‍ അഫ്ഗാനിലിറങ്ങേണ്ട’ : പാക്ക് എയര്‍ലൈന്‍സിന് താക്കീത് നല്‍കി താലിബാന്‍

കാബൂള്‍ : കാബൂളില്‍ നിന്ന് ഇസ്ലാമാബാദിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ ഇളവ് വരുത്തിയില്ലെങ്കില്‍ അഫ്ഗാനിസ്ഥാനില്‍ വിമാനമിറക്കേണ്ടെന്ന് പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിനും അഫ്ഗാനിസ്ഥാന്റെ കാം എയറിനും മുന്നറിയിപ്പ് നല്‍കി താലിബാന്‍.

അഫ്ഗാനില്‍ മുമ്പുണ്ടായിരുന്ന അതേ ടിക്കറ്റ് നിരക്ക് തുടരണമെന്നാണ് താലിബാന്‍ അറിയിച്ചിരിക്കുന്നത്. നിലവില്‍ 2500 യുഎസ് ഡോളറാണ് ഒരു ടിക്കറ്റിന് ഈടാക്കുന്ന തുക. ഇത് തങ്ങള്‍ അധികാരത്തിലേറുന്നതിനു മുമ്പുണ്ടായിരുന്ന തുകയിലേക്ക് ചുരുക്കണമെന്നാണ് താലിബാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ടിക്കറ്റ് നിരക്ക് കുറയ്ക്കാത്ത പക്ഷം അഫ്ഗാനില്‍ വിമാനമിറക്കേണ്ടെന്നും താലിബാന്‍ അറിയിച്ചിട്ടുണ്ട്.അധിക പൈസ ഈടാക്കി ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്ന് പാക്കിസ്ഥാനെ അറിയിച്ച താലിബാന്‍ നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കണമെന്നും സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നും ജനങ്ങളോട് ആഹ്വാനം ചെയ്തു.

അഫ്ഗാനിലേക്ക് നിലവില്‍ വിമാനസര്‍വീസ് നടത്തുന്ന ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് പാക്കിസ്ഥാന്‍.താലിബാന്‍ അനാവശ്യമായി എയര്‍ലൈന്‍സിന്റെ നടത്തിപ്പില്‍ കൈകടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി കാബൂളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നുവെന്ന് കഴിഞ്ഞ ദിവസം പാക്കിസ്ഥാന്‍ അറിയിച്ചതിന് പിന്നാലെയാണ് പുതിയ ഉത്തരവെന്നത് ശ്രദ്ധേയമാണ്.

Exit mobile version