അഫ്ഗാന്‍ വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിച്ച് റഷ്യ : താലിബാന്‍ സര്‍ക്കാരുമായി ഇന്ത്യയുടെ ആദ്യ കൂടിക്കാഴ്ച നടക്കും

ന്യൂഡല്‍ഹി : താലിബാനടക്കമുള്ളവരെ ക്ഷണിച്ച് റഷ്യ നടത്തുന്ന ചര്‍ച്ചയില്‍ ഇന്ത്യ പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. അഫ്ഗാന്‍ വിഷയത്തില്‍ ഒക്ടോബര്‍ 20ന് മോസ്‌കോയിലാണ് ചര്‍ച്ച നടക്കുക. മോസ്‌കോ ഫോര്‍മാറ്റ് ചര്‍ച്ചയെന്ന് വിളിക്കുന്ന പരിപാടിയില്‍ താലിബാന്‍ പങ്കെടുക്കുമെന്ന് നേരത്തേ അറിയിച്ചിട്ടുണ്ടെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

താലിബാനുമായി രമ്യതയിലല്ലാത്തതിനാല്‍ മുമ്പ് ഓഗസ്റ്റില്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ നിന്ന് റഷ്യ ഇന്ത്യയെ ഒഴിവാക്കിയിരുന്നു. അതുകൊണ്ട് തന്നെ മോസ്‌കോ ഫോര്‍മാറ്റിലെ സുപ്രധാന ഘടകമായായാണ് ഇന്ത്യയെ കാണുന്നത്. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തില്‍ വന്നതിന് ശേഷമുള്ള ആദ്യ മോസ്‌കോ ഫോര്‍മാറ്റാണിത്. താലിബാനുമായി ഇന്ത്യ ആദ്യ ഔപചാരിക ചര്‍ച്ച നടത്തിയത് ഓഗസ്റ്റ് 31ന് ദോഹയില്‍ വെച്ചായിരുന്നു.

അഫ്ഗാനിലെ താല്ക്കാലിക താലിബാന്‍ സര്‍ക്കാരുമായി ഇന്ത്യ നടത്തുന്ന ആദ്യ ഔദ്യോഗിക ചര്‍ച്ചയ്ക്ക് മോസ്‌കോ വേദിയാകും. ചൈന, പാക്കിസ്ഥാന്‍, ഇറാന്‍ എന്നിവരുള്‍പ്പടെ പതിനൊന്ന് രാജ്യങ്ങളാണ് ചര്‍ച്ചയില്‍ പങ്കെടുക്കുക.

Exit mobile version