ഫ്രഞ്ച് കാത്തോലിക്കാ പള്ളിയില്‍ 3.3 ലക്ഷം കുട്ടികള്‍ ലൈംഗിക പീഡനത്തിനിരയായെന്ന് റിപ്പോര്‍ട്ട്

പാരീസ് : ഫ്രഞ്ച് കാത്തോലിക്കാ പള്ളിയില്‍ കഴിഞ്ഞ 70 വര്‍ഷത്തിനിടെ 3.3 ലക്ഷം കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. പള്ളിക്ക് കീഴിലുള്ള പുരോഹിതരില്‍ നിന്നും ജീവനക്കാരില്‍ നിന്നുമാണ് കുട്ടികള്‍ പീഡനത്തിനിരയായത്.

പള്ളികളിലെ പീഡനങ്ങളെക്കുറിച്ച് അന്വേഷണം നടത്തിയ സ്വതന്ത്രസമിതിയുടേതാണ് റിപ്പോര്‍ട്ട്. 1.15 ലക്ഷം പേരാണ് 1950 മുതല്‍ 2020 വരെ ഫ്രഞ്ച് കാത്തോലിക്ക പള്ളിക്ക് വേണ്ടി പ്രവര്‍ത്തിച്ചത്. ഇതില്‍ 3200ഓളം പേര്‍ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തു. കുറ്റവാളികളില്‍ മൂന്നില്‍ രണ്ടും പുരോഹിതരാണ്. പീഡനത്തിനിരയായവരില്‍ 60 ശതമാനം പേരും വിവിധ മാനസികസംഘര്‍ഷങ്ങളിലൂടെയാണ് ഇപ്പോഴും കടന്നുപോകുന്നതെന്ന് റിപ്പോര്‍ട്ടിന് വേണ്ടി നടത്തിയ സര്‍വേയില്‍ തെളിഞ്ഞതായി സമിതിയുടെ പ്രസിഡന്റ് ഴാന്‍ മാര്‍ക് സോവ് പറഞ്ഞു.

2500 പേജുള്ള റിപ്പോര്‍ട്ടിലൂടെ വര്‍ഷങ്ങളായി അടക്കം പറഞ്ഞിരുന്ന സത്യങ്ങളാണ് മറനീക്കി പുറത്തുവന്നിരിക്കുന്നത്. രണ്ടര വര്‍ഷം കൊണ്ടാണ് റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കിയത്. പീഡനത്തിനിരയായവരും സാക്ഷികളും പള്ളിയിലെ പഴയ രേഖകളുമെല്ലാം പഠനവിധേയമാക്കി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പീഡനങ്ങളെക്കുറിച്ച് വിവരം നല്‍കാനായി മാത്രം 6500ഓളം പേര്‍ ബന്ധപ്പെട്ടിരുന്നുവെന്നാണ് സോവ് പറയുന്നത്.

1950നും 68നുമിടയിലാണ് കൂടുതല്‍ പീഡനങ്ങള്‍ നടന്നത്.പീഡിപ്പിക്കപ്പെട്ടതില്‍ 80ശതമാനവും ആണ്‍കുട്ടികളാണ്. സംഭവത്തില്‍ മാര്‍പ്പാപ്പ ഖേദം പ്രകടിപ്പിച്ചു. റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകളും ഇത്രയും കാലം അത് പുറത്തുവരാതിരുന്നതും ഏറെ വേദനിപ്പിച്ചെന്ന് മാര്‍പ്പാപ്പ പറഞ്ഞു.

Exit mobile version