അഫ്ഗാനില്‍ ആദ്യ അന്താരാഷ്ട്ര വിമാനം പറന്നിറങ്ങി : പാക്ക് വിമാനത്തിലുണ്ടായിരുന്നത് പത്ത് പേര്‍

Kabul | Bignewslive

കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണത്തിലേറിയതിന് ശേഷം ആദ്യമായി ഒരു രാജ്യാന്തര കൊമേഷ്യല്‍ വിമാനം കാബൂളില്‍ ലാന്‍ഡ് ചെയ്തു. ഇസ്ലാമാബാദില്‍ നിന്ന് വന്ന പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ (പിഐഎ) വിമാനമാണ് ലാന്‍ഡ് ചെയ്തത്.

ഏകദേശം 10 പേര്‍ മാത്രമാണ് വിമാനത്തിലുണ്ടായിരുന്നതെന്നും ഇവരില്‍ ഭൂരിഭാഗവും സ്റ്റാഫുകളായിരുന്നുവെന്നും വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ഇസ്‌ലാമാബാദിലേക്ക് തിരിച്ചുനടത്തുന്ന സര്‍വീസില്‍ നൂറിലധികം യാത്രക്കാരുണ്ടെന്നും ലോകബാങ്ക് ഉള്‍പ്പടെയുള്ള രാജ്യാന്തര സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും ബന്ധുക്കളുമാണ് ഭൂരിഭാഗമെന്നും വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി.

അഫ്ഗാനിലേക്കുള്ള വിമാനസര്‍വ്വീസ് പുനരാരംഭിക്കുമെന്ന് പിഐഎ കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. എന്നാല്‍ സാധാരണഗതിയിലുള്ള സര്‍വീസ് ആരംഭിക്കുമോയെന്ന് വ്യക്തമാക്കിയിട്ടില്ല.വിമാനത്താവളത്തിലെത്തുന്നവരെ ടെര്‍മിനലിലേക്ക് കൊണ്ടുപോകാനായി അഫ്ഗാനിസ്ഥാനിലേക്ക് സ്വാഗതം എന്നെഴുതിയ ബസ് കാത്ത് നില്‍ക്കുന്നുണ്ടായിരുന്നുവെങ്കിലും അവസാനനിമിഷം യാത്രക്കാരെല്ലാം നടന്നുവരുന്ന കാഴ്ചയാണ് കണ്ടത്.

രക്ഷാപ്രവര്‍ത്തനത്തിനിടെ കാബൂളില്‍ നിന്ന് കൊണ്ടുപോകാന്‍ സാധിക്കാതിരുന്ന വിദേശികളെയും അഫ്ഗാന്‍ പൗരന്മാരെയും കൊണ്ടുപോകുന്നതിനായി ഖത്തര്‍ എയര്‍വേയ്‌സിന്റെ നിരവധി ചാര്‍ട്ടര്‍ വിമാനങ്ങള്‍ കാബൂള്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തിരുന്നു. ശരിയായ രേഖകളുള്ള അഫ്ഗാന്‍ പൗരന്മാരെ സ്വതന്ത്രമായി രാജ്യം വിടാന്‍ അനുവദിക്കുമെന്നാണ് താലിബാന്‍ ഉറപ്പ് നല്‍കിയിരിക്കുന്നത്. അഫ്ഗാന്‍ എയര്‍ലൈന്‍ ഈ മാസം 3ന് സര്‍വീസ് പുനരാരംഭിച്ചിരുന്നു.

Exit mobile version