പഞ്ച്ഷീര്‍ : 600 താലിബാന്‍കാരെ വധിച്ചുവെന്ന് പ്രതിരോധ സേന

Panjshir | Bignewslive

കാബൂള്‍ : അഫ്ഗാനിസ്ഥാനിലെ വടക്കുകിഴക്കന്‍ മേഖലയായ പഞ്ച്ഷീറില്‍ പ്രതിരോധ സേനയുമായുള്ള ഏറ്റമുട്ടലില്‍ 600 താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അറുന്നൂറോളം ഭീകരര്‍ കീഴടങ്ങുകയും ചെയ്തതായി പ്രതിരോധ സേനയുടെ വക്താവ് ഫഹീം ദാഷ്ടി വെളിപ്പെടുത്തി.

പഞ്ച്ഷീറിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നും താലിബാന് അവശ്യവസ്തുക്കള്‍ ലഭിക്കുന്നത് തടഞ്ഞതായും ആയുധങ്ങള്‍ പിടിച്ചെടുത്തതായും അദ്ദേഹം അറിയിച്ചു.പ്രദേശത്തെ റോഡുകളിലും മറ്റും മൈനുകള്‍ ധാരാളമായി ഉള്ളതിനാല്‍ താലിബാന്‍ മുന്നേറ്റത്തിന്റെ വേഗം കുറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.യുദ്ധം പുരോഗമിക്കുകയാണെന്നും എന്നാല്‍ പഞ്ച്ഷീറിന്റെ തലസ്ഥാനത്തേക്കുള്ള വഴികളില്‍ ധാരാളം മൈനുകള്‍ ഉള്ളതിനാല്‍ മുന്നേറ്റത്തിന്റെ വേഗം കുറഞ്ഞെന്നും താലിബാന്‍ അറിയിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

അഫ്ഗാനില്‍ താലിബാന് ഇതുവരെ കയ്യടക്കാന്‍ സാധിച്ചിട്ടില്ലാത്ത പ്രദേശമാണ് പഞ്ച്ഷീര്‍. അന്തരിച്ച മുന്‍ അഫ്ഗാന്‍ ഗറില്ലാ കമാന്‍ഡര്‍ അഹമ്മദ് ഷാ മസൂദിന്റെ മകന്‍ അഹമ്മദ് മസൂദ്, ഇടക്കാല പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ച മുന്‍ വൈസ് പ്രസിഡന്റ് അമറുല്ല സാലിഹ് എന്നിവരാണ് പ്രതിരോധ സേനയെ നയിക്കുന്നത്.

പഞ്ച്ഷീര്‍ താലിബാന്‍ കീഴടക്കി എന്ന തരത്തിലുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചിരുന്നെങ്കിലും ഇത് പാക് മാധ്യമങ്ങള്‍ കെട്ടിച്ചമച്ച വാര്‍ത്തയാണെന്ന് പ്രതിരോധ സേന നേതൃത്വം പ്രതികരിച്ചിരുന്നു.

Exit mobile version