പഞ്ച്ഷീര്‍ കയ്യടക്കി എന്നവകാശപ്പെട്ട് ആഘോഷം : താലിബാന്റെ വെടിയേറ്റ് കുട്ടികള്‍ക്കടക്കം ദാരുണാന്ത്യം

Taliban | Bignewslive

കാബൂള്‍ : വടക്കന്‍ കാബൂളിലെ സുപ്രധാന പ്രദേശമായ പഞ്ച്ഷീര്‍ പിടിച്ചടക്കി എന്നവകാശപ്പെട്ട് താലിബാന്‍ വെടിയുതിര്‍ത്ത് നടത്തിയ ആഘോഷത്തില്‍ കുട്ടികളടക്കം നിരവധി പേര്‍ക്ക് ദാരുണാന്ത്യം. അഫ്ഗാനിലെ പ്രാദേശിക മാധ്യമമായ അസ്വകയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

കാബൂലിലെ അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന ആശുപത്രി വെടിവെയ്പ്പില്‍ പതിനേഴ് മരണങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. നാല്പത്തിയൊന്ന് പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. വെള്ളിയാഴ്ചയാണ് പഞ്ച്ഷീര്‍ പിടിച്ചടക്കി എന്നവകാശപ്പെട്ട് താലിബാന്‍ രംഗത്തെത്തിയത്. എന്നാലിത് നിഷേധിച്ച പ്രതിരോധ സേന വാര്‍ത്ത പാക് മാധ്യമങ്ങളുടെ സൃഷ്ടിയാണെന്നും പ്രദേശത്ത് പോരാട്ടം തുടരുകയാണെന്നും അറിയിച്ചിരുന്നു.

“പഞ്ച്ഷീര്‍ പിടിച്ചടക്കി എന്ന് വരുന്ന വാര്‍ത്തകളൊക്കെ പാക്കിസ്ഥാന്‍ മാധ്യമങ്ങളുടെ സൃഷ്ടിയാണ്. ഇത് വ്യാജവാര്‍ത്തകളാണ്.” പ്രതിരോധ സേന നേതാവ് അഹ്‌മദ് മസൂദ് പറഞ്ഞു. അധികാരത്തിനായി നിലവില്‍ ശക്തമായ പോരാട്ടമാണ് പഞ്ച്ഷീറില്‍ താലിബാനും പ്രതിരോധ സേനയും തമ്മില്‍ നടക്കുന്നത്. ഇരു പക്ഷത്ത് നിന്നുമുള്ള നിരവധി പേര്‍ ഇതിനോടകം മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം മുല്ല ബറാദറായിരിക്കും താലിബാന്‍ സര്‍ക്കാരിനെ നയിക്കക എന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ നല്‍കുന്ന വിവരം. താലിബാന്‍ സ്ഥാപകന്‍ മുല്ല ഒമറിന്റെ വിശ്വസ്തനാണ് ബറാദര്‍. മുല്ല ഒമറിന്റെ സഹേദരിയെയാണ് ബറാദര്‍ വിവാഹം ചെയ്തിരിക്കുന്നത്.

Exit mobile version