“ഞങ്ങളിതിന് പ്രതികാരം ചെയ്തിരിക്കും” : കാബൂള്‍ ഇരട്ട സ്‌ഫോടനത്തില്‍ പ്രതികരിച്ച് ബൈഡന്‍

Joe Biden | Bignewslive

വാഷിംഗ്ടണ്‍ : കാബൂള്‍ വിമാനത്താവളത്തിന് സമീപമുണ്ടായ ഇരട്ടസ്‌ഫോടനത്തെ അപലപിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. പതിമൂന്ന് യുഎസ് സൈനികര്‍ കൊല്ലപ്പെട്ട ചാവേറാക്രമണത്തിന് ഉത്തരവാദികളായവര്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് വൈറ്റ് ഹൗസില്‍ നടത്തിയ വികാരനിര്‍ഭരമായ പ്രസംഗത്തില്‍ ബൈഡന്‍ പറഞ്ഞു.

“ആരാണോ ഈ ആക്രമണം നടത്തിയത്, അല്ലെങ്കില്‍ അമേരിക്കയെ ദ്രോഹിക്കണമെന്ന് ആരാണോ ആഗ്രഹിച്ചത് അവര്‍ ഒരു കാര്യം ഓര്‍ക്കുക- ഞങ്ങള്‍ മറക്കില്ല, ക്ഷമിക്കില്ല. ഞങ്ങള്‍ നിങ്ങളെ വേട്ടയാടി നിങ്ങളെക്കൊണ്ട് തന്നെ കണക്ക് പറയിക്കും. ഞങ്ങള്‍ പറയുന്ന സ്ഥലത്ത് ഞങ്ങള്‍ക്കനുയോജ്യമായ സമയത്ത് എല്ലാ വിധ സജ്ജീകരണങ്ങളോടും കൂടി ഞങ്ങളിതിന് മറുപടി നല്‍കിയിരിക്കും.” ബൈഡന്‍ അറിയിച്ചു.

സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിലും അഫ്ഗാനിസ്ഥാനിലെ ഒഴിപ്പിക്കല്‍ നടപടികള്‍ തുടരുമെന്നും ഈ മാസം 31നകം നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. താലിബാന്‍ രാജ്യം കീഴടക്കിയതിന് ശേഷം 95,700 പേരെയാണ് യുഎസ് സഖ്യസേന ഒഴിപ്പിച്ചത്. വ്യോമമാര്‍ഗമുള്ള ചരിത്രത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കലാണിത്. കഴിഞ്ഞ ദിവസങ്ങളില്‍ ഓരോ 39 മിനിറ്റിലും ആളുകളുമായി വിമാനങ്ങള്‍ പറന്നുയര്‍ന്നു.

താലിബാന്റെ പിടിയില്‍ നിന്ന് രക്ഷപെടാന്‍ പതിനായിരങ്ങള്‍ കാത്തുനില്‍ക്കുന്ന കാബൂള്‍ വിമാനത്താവളത്തില്‍ യുഎസ്, ബ്രിട്ടീഷ് സൈനികര്‍ നിലയുറപ്പിച്ച ആബി ഗേറ്റിലാണ് ആദ്യ സ്‌ഫോടനം നടന്നത്. വിമാനത്താവളത്തിനോട് ചേര്‍ന്നുള്ള ഹോട്ടലിന് സമീപം രണ്ടാം സ്‌ഫോടനമുണ്ടായി. കുട്ടികളടക്കം 60 പേര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതായാണ് വിവരം. 140 പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിട്ടുണ്ട്.

Exit mobile version