സര്‍ക്കാര്‍ രൂപീകരണം : ചര്‍ച്ചകള്‍ക്കായി താലിബാന്‍ സഹസ്ഥാപകന്‍ കാബൂളിലെത്തി

Taliban | Bignewslive

കാബൂള്‍ : സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്കായി താലിബാന്‍ സഹസ്ഥാപകന്‍ മുല്ല അബ്ദുല്‍ ഗനി ബരാദര്‍ ശനിയാഴ്ച കാബൂളിലെത്തി. താലിബാനിലെ മറ്റ് പ്രധാന അംഗങ്ങളും മറ്റ് രാഷ്ട്രീയക്കാരുമാണ് ചര്‍ച്ചയിലുണ്ടാവുക.

2010ല്‍ പാക്കിസ്ഥാനില്‍ വെച്ച് ബരാദര്‍ അറസ്റ്റിലായെങ്കിലും 2018ല്‍ മോചിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഖത്തറിലേക്ക് കടന്ന ഇയാളെ ദോഹയിലുള്ള താലിബാന്‍ രാഷ്ട്രീയ ഓഫീസിന്റെ തലവനായി നിയമിച്ചു. ഇവിടെ വച്ചാണ് അഫ്ഗാനില്‍ നിന്ന് അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കാനുള്ള കരാറില്‍ ബരാദര്‍ ഒപ്പുവയ്ക്കുന്നത്.

നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം ചൊവ്വാഴ്ചയാണ് പിന്നീട് ഇയാള്‍ അഫ്ഗാനിലെത്തുന്നത്. താലിബാന്‍ പിറവികൊണ്ട സ്ഥലവും രാജ്യത്തെ രണ്ടാമത്തെ വലിയ നഗരവുമായ കാണ്ഡഹാറാണ് തന്റെ തിരിച്ചുവരവിനായി ബരാദര്‍ തിരഞ്ഞെടുത്തത്. ബരാദര്‍ എത്തി മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ ഇത്തവണ ഭരണം വ്യത്യസ്തമായിരിക്കുമെന്ന് താലിബാന്‍ പ്രഖ്യാപിച്ചു.

കൊടും ഭീകരരുടെ പട്ടികയില്‍ പെടുത്തി അമേരിക്ക തലയ്ക്ക് അമ്പത് ലക്ഷം വിലയിട്ടിരുന്ന ഖാലില്‍ ഹഖാനി കാബൂളിലെത്തിയതായി നേരത്തേ വിവരം ലഭിച്ചിരുന്നു. ഇയാള്‍ മറ്റൊരു താലിബാന്‍ അംഗം ഗുള്‍ബുദ്ദിന്‍ ഹെക്മത്യാറുമായി കൂടിക്കാഴ്ച നടത്തുന്ന വീഡിയോകളും പുറത്തു വന്നിരുന്നു. ഇവര്‍ അഫ്ഗാന്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചയില്‍ പ്രധാന പങ്ക് വഹിക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്.

Exit mobile version