താലിബാനും താലിബാന്‍ അനുകൂല പോസ്റ്റുകള്‍ക്കും ഫെയ്‌സ്ബുക്കില്‍ വിലക്ക്

Facebook | Bignewslive

ന്യൂയോര്‍ക്ക് : താലിബാനും താലിബാന്‍ അനുകൂല പോസ്റ്റുകള്‍ക്കും വിലക്കേര്‍പ്പെടുത്തി ഫെയ്‌സ്ബുക്ക്. താലിബാനെ ഭീകരസംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് വിലക്കേര്‍പ്പെടുത്തുന്നതെന്ന് ഫെയ്‌സ്ബുക്ക് അറിയിച്ചു.

അഫ്ഗാനിസ്ഥാനിലെ സാഹചര്യം കമ്പനി സൂഷ്മമായി നിരീക്ഷിക്കുകയാണെന്നും വാട്‌സ് ആപ്പ് അക്കൗണ്ടുകള്‍ നീക്കം ചെയ്യുന്നതുള്‍പ്പടെയുള്ള നടപടികള്‍ ഉണ്ടാകുമെന്നും ഫെയ്‌സ്ബുക്ക് വക്താവ് പറഞ്ഞു. താലിബാന്‍ അംഗങ്ങള്‍ അഫ്ഗാനിലുള്ളവരുമായി ബന്ധപ്പെടാന്‍ വാട്‌സ് ആപ്പ് ഉപയോഗിക്കുന്നതായാണ് റിപ്പോര്‍ട്ട്.

ട്വിറ്ററിലും ആയിരക്കണക്കിന് ഫോളോവേഴ്‌സ് ആണ് താലിബാനുള്ളത്. താലിബാന്‍ അഫ്ഗാനില്‍ ആധിപത്യം നേടിയതുമായി ബന്ധപ്പെട്ട് പതിനായിരക്കണക്കിന് ട്വിറ്റര്‍ അപ്‌ഡേറ്റുകളാണ് ഉണ്ടായത്. അക്രമസ്വഭാവമുള്ള പോസ്റ്റുകള്‍ക്കും ആളുകള്‍ക്കും സമൂഹമാധ്യമങ്ങള്‍ വിലക്കേര്‍പ്പെടുത്തുന്നത് ഇതാദ്യമല്ല. ക്യാപിറ്റോള്‍ കലാപത്തെ തുടര്‍ന്ന് മുന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനും ആഭ്യന്തരകലാപത്തെത്തുടര്‍ന്ന് മ്യാന്‍മര്‍ സൈന്യത്തിനും സമൂഹമാധ്യമങ്ങളില്‍ വിലക്കുണ്ടായിരുന്നു.

അഫ്ഗാന്‍ പൗരന്മാരുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കി മറ്റ് രാജ്യങ്ങളുമായി സമാധാനപരമായ ബന്ധം ഉറപ്പാക്കുന്ന തരത്തിലുള്ള ഭരണമായിരിക്കും ഉണ്ടാവുക എന്നാണ് താലിബാന്‍ അറിയിച്ചിരിക്കുന്നതെങ്കിലും അഫ്ഗാന്‍ ജനതയുടെ മനുഷ്യാവകാശങ്ങളെയും സ്ത്രീസ്വാതന്ത്ര്യത്തെയും കുറിച്ചുള്ള ആശങ്കകള്‍ക്ക് വിരാമമില്ല.

Exit mobile version