ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ‘ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍ ‘ : പ്രഖ്യാപനം ഉടനെന്ന് താലിബാന്‍

Taliban | Bignewslive

കാബൂള്‍ : നീണ്ട ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം അഫ്ഗാനിസ്ഥാന്റെ അധികാര തലപ്പത്തേക്ക് വീണ്ടും താലിബാന്‍. യുഎസ് താലിബാനെ പുറത്താക്കുന്നതിന് മുമ്പുണ്ടായിരുന്നത് പോലെ അഫ്ഗാനിസ്ഥാന്റെ പേര് ‘ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍’ എന്ന് മാറ്റി ഉടന്‍ പ്രഖ്യാപനം നടത്തുമെന്നാണ് താലിബാന്‍ അറിയിച്ചിരിക്കുന്നത്.

അഫ്ഗാന്‍ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ നിന്നാകും പ്രഖ്യാപനം. കാബൂളിലെ 11 ജില്ലാ കേന്ദ്രങ്ങളുടെയും പ്രസിഡന്റിന്റെ കൊട്ടാരത്തിന്റെയും നിയന്ത്രണം താലിബാന് കീഴിലായെന്നാണ് വിവരം.ഭരണനിയന്ത്രണത്തിന് താലിബാന്‍ മൂന്നംഗ താല്ക്കാലിക സമിതിയെ നിയോഗിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. താലിബാന്‍ പ്രതിനിധിയും സമിതിയിലുണ്ടെന്നാണ് സൂചന.

അഫ്ഗാന്‍ സൈന്യത്തെ നിഷ്പ്രഭമാക്കിക്കൊണ്ട് അപ്രതീക്ഷിത വേഗത്തിലാണ് താലിബാന്‍ കാബൂളിലെത്തിയത്. ഭരണകൂടത്തെ അനുകൂലിക്കുന്നവര്‍ക്ക് മുന്‍തൂക്കമുണ്ടെന്ന് കരുതിയ മസരി ഷെരീഫും ജലാലാബാദും അനായാസേന കീഴടക്കിയതോടെ അഫ്ഗാനിസ്ഥാന്റെ വിധി വ്യക്തമായി.9/11 ആക്രമണത്തെത്തുടര്‍ന്ന് അമേരിക്ക കാബൂളില്‍ നിന്ന് പുറത്താക്കിയതാണ് താലിബാനെ. യുഎസ് സേനയുടെ പിന്മാറ്റത്തോടെ പിന്നീടിപ്പോഴാണ് ഇവര്‍ വീണ്ടും രാജ്യത്തേക്ക് ഇരച്ചുകയറുന്നത്. മുമ്പുണ്ടായിരുന്നത് പോലെ തീവ്ര ശരീയത്ത് നിയമങ്ങളുടെ വാഴ്ചയാവും താലിബാന്റെ ഭരണത്തില്‍ അഫ്ഗാന്‍ ജനത നേരിടേണ്ടി വരിക.

Exit mobile version