മാസ്‌ക് ധരിക്കാനോ വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനോ ആവശ്യപ്പെട്ടാല്‍ 1000 ഡോളര്‍ പിഴ : ഉത്തരവിറക്കി ടെക്‌സസ് ഗവര്‍ണര്‍

Greg Abbott | Bignewslive

ഓസ്റ്റിന്‍ : മാസ്‌ക് ധരിക്കണമെന്നോ വാക്‌സീനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നോ ആവശ്യപ്പെട്ടാല്‍ 1000 ഡോളര്‍ വരെ പിഴ ചുമത്തുമെന്ന് ടെക്‌സസ് ഗവര്‍ണര്‍ ഗ്രേഗ് ഏബട്ട്. ബിസിനസ്സ് ആവശ്യങ്ങള്‍ക്കായി സ്ഥാപനങ്ങളിലെത്തുന്നവരോട് മാസ്‌കോ ധരിക്കാനോ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പടെയുള്ള കാര്യങ്ങളോ ആവശ്യപ്പെടാന്‍ പാടില്ലെന്നാണ് എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ ഗ്രേഗ് മുന്നറിയിപ്പ് നല്‍കിയത്.

സര്‍ക്കാര്‍ ഏജന്‍സികള്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെടുന്നതും മാസ്‌ക് ധരിക്കാതെ വരുന്നവര്‍ക്ക് പ്രവേശനം നിഷേധിക്കുന്നതും പുതിയ ഉത്തരവിലൂടെ തടഞ്ഞിട്ടുണ്ട്. പൊതുസ്വകാര്യ സ്ഥാപനങ്ങള്‍ ഗവണ്‍മെന്റ് ഫണ്ട് സ്വീകരിക്കുന്നുണ്ടെങ്കില്‍ അവര്‍ക്കും നിയമം ബാധകമാണെന്നും ഉത്തരവിലുണ്ട്. കോവിഡ് വ്യാപനം തടയുന്നതിന് എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് ടെക്‌സസിലെ ജനങ്ങള്‍ക്കറിയാമെന്ന് ആവര്‍ത്തിച്ച ഗവര്‍ണര്‍ മാസ്‌കിനെതിരെയുള്ള തന്റെ എതിര്‍പ്പ് തുറന്നുപറയാനും മടിച്ചില്ല.

ലോക്കല്‍ ഗവണ്‍മെന്റുകള്‍ക്ക് ഇത് സംബന്ധിച്ച് നേരത്തേ നല്‍കിയിരുന്ന ഉത്തരവില്‍ മാറ്റമൊന്നുമില്ലെന്നും പുതിയ എക്‌സിക്യൂട്ടീവ് ഉത്തരവ് അതിനെ കൂടുതല്‍ ബലപ്പെടുത്തുന്നതാണെന്നും ഗവര്‍ണര്‍ ആവര്‍ത്തിച്ചു.അതേസമയം ടെക്‌സാസില്‍ കഴിഞ്ഞമാസത്തെ അപേക്ഷിച്ച് ഈ മാസം കേസുകള്‍ വര്‍ധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പ്രതിരോധ നടപടികള്‍ സ്വീകരിക്കാതെ ജനം പുറത്തിറങ്ങിയാല്‍ കോവിഡ് കേസുകളില്‍ ഇനിയും വര്‍ധനവുണ്ടായേക്കാമെന്നാണ് വിലയിരുത്തല്‍.

Exit mobile version