ക്രമാതീതമായി വീര്‍ത്ത വയറുമായി നവജാതശിശു : പരിശോധനയില്‍ കണ്ടെത്തിയത് ഉദരത്തിലെ അര്‍ധവികസിത ഭ്രൂണം

Foetus | Bignewslive

ഇസ്രയേല്‍ : ഉദരത്തില്‍ അര്‍ധവികസിത ഭ്രൂണവുമായി ഇസ്രയേലിലെ അഷ്‌ദോദ് നഗരത്തിലെ അസ്യൂറ്റ മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ പെണ്‍കുഞ്ഞ് ജനിച്ചു. ലോകത്തില്‍ അഞ്ച് ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം സംഭവിക്കുന്ന ‘ഫീറ്റസ് ഇന്‍ ഫീറ്റു’ എന്ന അവസ്ഥയാണിതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ഗര്‍ഭധാരണത്തിനിടെ അമ്മയില്‍ നടത്തിയ സ്‌കാനിംഗില്‍ കുഞ്ഞിന്റെ വയര്‍ ക്രമാതീതമായി വലുതായിരിക്കുന്നത് ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നെങ്കിലും കാരണം പിടികിട്ടിയിരുന്നില്ല. പിന്നീട് പ്രസവശേഷം കുഞ്ഞില്‍ നടത്തിയ വിശദമായ പരിശോധനയിലാണ് വയറ്റില്‍ ഭ്രൂണമുണ്ടെന്ന് മനസ്സിലാക്കിയത്.അര്‍ധ വികസിത നിലയിലായിരുന്ന ഭ്രൂണത്തില്‍ ചില എല്ലുകളും ഹൃദയവും ഭാഗികമായി ഉടലെടുത്തിരുന്നു. തുടര്‍ന്ന് അടിയന്തിരമായി നടത്തിയ ഓപ്പറേഷനിലൂടെ ഭ്രൂണം പുറത്തെടുത്തു. കുഞ്ഞ് സുഖം പ്രാപിച്ചുവരുന്നതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

ഇരട്ടക്കുട്ടികളായി ഉടലെടുക്കുന്ന ഭ്രൂണങ്ങളില്‍ ഒന്ന് മറ്റൊന്നിനെ ആഗിരണം ചെയ്യുന്നതാണ് ഇങ്ങനെ സംഭവിക്കുന്നതിന് പ്രധാന കാരണമായി കണക്കാക്കുന്നത്. ആഗിരണം ചെയ്യുന്ന ഭ്രൂണത്തില്‍ ദ്വാരങ്ങളുണ്ടാകും. ഇതിലൂടെയാണ് മറ്റേ ഭ്രൂണം പ്രവേശിക്കുക. തുടര്‍ന്ന് ഇത് ഭാഗികമായി വികസിക്കുമെങ്കിലും പൂര്‍ണ വളര്‍ച്ച പ്രാപിക്കില്ല. തലച്ചോര്‍ വികസിക്കുകയുമില്ല. പ്രസവത്തിന് മുമ്പായി ആഗിരണം ചെയ്യപ്പെട്ട ഭ്രൂണം മരിക്കുകയും ചെയ്യും.

2018ല്‍ സമാനമായ സംഭവം ഇന്ത്യയിലുമുണ്ടായിരുന്നു. ഇസ്രയേലിലെ അപേക്ഷിച്ച് സങ്കീര്‍ണമായ അവസ്ഥയായിരുന്നു ഇതെങ്കിലും ശസ്ത്രക്രിയയിലൂടെ ഭ്രൂണം പുറത്തെടുക്കുകയും കുട്ടി സുഖം പ്രാപിക്കുകയും ചെയ്തിരുന്നു.

Exit mobile version