ആശയവിനിമയ ബന്ധം പുനസ്ഥാപിച്ച് ഉത്തര-ദക്ഷിണ കൊറിയകള്‍ : അനുരഞ്ജനത്തിന് നേതാക്കള്‍ സമ്മതിച്ചതായി റിപ്പോര്‍ട്ട്

Korea | Bignewslive

സോള്‍ : കഴിഞ്ഞ ജൂണില്‍ പ്യോങ്യാങ് റദ്ദാക്കിയ ആശയവിനിമയ ഹോട്ട്‌ലൈന്‍ ബന്ധം പുനസ്ഥാപിച്ച് ഉത്തര-ദക്ഷിണ കൊറിയകള്‍. പരസ്പര വിശ്വാസം വീണ്ടെടുക്കുന്നതിനും അനുരഞ്ജനം പ്രോത്സാഹിപ്പിക്കുന്നതിനും നടപടിയെടുക്കാന്‍ ഇരു രാജ്യങ്ങളിലെയും നേതാക്കള്‍ സമ്മതിച്ചതായി ഉത്തര കൊറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ നേതാക്കള്‍ തമ്മില്‍ ധാരണയായെന്ന് ദക്ഷിണ കൊറിയ പ്രസിഡന്റിന്റെ ഓഫീസും അറിയിച്ചു. ഇരുപക്ഷത്തെയും പ്രതിനിധികള്‍ മൂന്ന് മിനിറ്റ് നേരം ഫോണില്‍ സംസാരിച്ചതായി ദക്ഷിണ കൊറിയയുടെ യൂണിഫിക്കേഷന്‍ മന്ത്രാലയം വ്യക്തമാക്കി. ഇനി മുതല്‍ എല്ലാ ദിവസവും ഫോണ്‍വിളി നടത്തും. ഒരു വര്‍ഷത്തിന് ശേഷം വീണ്ടും സംസാരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും കൊറിയന്‍ ജനതയ്ക്ക് നല്ല വാര്‍ത്തയാണിതെന്നും ദക്ഷിണ കൊറിയയുടെ പ്രതിനിധി പറഞ്ഞു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉച്ചകോടി പരാജയപ്പെട്ടതിനെത്തുടര്‍ന്ന് 2020 ജൂണിലാണ് ഉത്തര കൊറിയ ഹോട്ട്‌ലൈന്‍ ബന്ധം വിച്ഛേജിച്ചത്. ഉന്നത നേതാക്കള്‍ തമ്മിലുള്ള ധാരണയനുസരിച്ച് ജൂലൈ 27ന് രാവിലെ 10 മുതല്‍ എല്ലാ കൊറിയന്‍ ആശയവിനിമയ ബന്ധങ്ങളും വീണ്ടും പ്രവര്‍ത്തിപ്പിക്കാന്‍ ഇരു രാജ്യങ്ങളും നടപടി സ്വീകരിച്ചു എന്നാണ് കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്തത്.

Exit mobile version