മാധ്യമപ്രവര്‍ത്തകരെ നിരീക്ഷിക്കാന്‍ പെഗാസസ് ഉപയോഗിച്ചു : മൊറോക്കന്‍ ഏജന്‍സിയ്‌ക്കെതിരെ ഫ്രാന്‍സില്‍ കേസ്

Pegasus | Bignewslive

പാരിസ് : ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകരെ നിരീക്ഷിക്കാന്‍ ഇസ്രയേല്‍ സോഫ്റ്റ്‌വെയര്‍ ആയ പെഗാസസ് ഉപയോഗിച്ചു എന്ന ആരോപണത്തെത്തുടര്‍ന്ന് ഫ്രാന്‍സില്‍ മൊറോക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സ്വകാര്യത ലംഘിക്കപ്പെട്ടിട്ടുണ്ടോ സ്വകാര്യ ഉപകരണങ്ങളിലേക്ക് അനധികൃതമായി കടന്നുകയറ്റം നടത്തിയിട്ടുണ്ടോ കുറ്റകൃത്യ സ്വഭാവമുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുന്നത്.ഫ്രഞ്ച് മാധ്യമമായ മീഡിയപാര്‍ട്ട് നല്‍കിയ പരാതിയിലാണ് അന്വേഷണം. റഫാല്‍ വിമാന ഇടപാടില്‍ കമ്മിഷന്‍ നല്‍കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്ത് മാധ്യമമാണിത്. അന്വേഷണാത്മക പത്രമായ ലു കനാ ഔഷനെയും പരാതി നല്‍കിയേക്കും.

അതേ സമയം ചാരവൃത്തി നടത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന നിലപാടിലാണ് മൊറോക്കോ. പെഗാസസ് ഉപയോഗിച്ചുളള ചാരവൃത്തി ഇന്ത്യയിലടക്കം വിവാദമായിരിക്കെ വിവിധ രാജ്യങ്ങളാണ് ചാരവൃത്തിയുമായി ബന്ധപ്പെട്ട ആരോപണങ്ങളുമായി രംഗത്ത് വരുന്നത്. സര്‍ക്കാരുകള്‍ക്ക് മാത്രമേ സോഫ്റ്റ്‌വെയര്‍ കൊടുക്കുകയുള്ളൂവെന്ന് നിര്‍മാതാക്കളായ ഇസ്രയേലി കമ്പനി എന്‍എസ്ഒ വ്യക്തമാക്കിയതോടെ സര്‍ക്കാരുകള്‍ അറിഞ്ഞുകൊണ്ടുള്ള ചാരവൃത്തിയാണ് നടക്കുന്നതെന്നാണ് ആരോപണം.

ദി വാഷിംഗ്ടണ്‍ പോസ്റ്റ്, ദി ഗാര്‍ഡിയന്‍ തുടങ്ങിയ യുഎസ് മാധ്യമങ്ങളും വിവിധ രാജ്യങ്ങളിലെ മറ്റ് മാധ്യമങ്ങളും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെഗാസസിന്റെ ഉപയോഗത്തെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്.

Exit mobile version