ചൈനയോട് ഉത്തരവിടാന്‍ ആരും വരേണ്ടെന്ന് ഷി ചിന്‍പിംഗ്

ചൈനയ്ക്ക് ഉത്തരവു നല്‍കാന്‍ ആരും വളര്‍ന്നിട്ടില്ലെന്നും അതിനു മുതിരരുതെന്നും പറഞ്ഞു

ബെയ്ജിംഗ്: എന്തു ചെയ്യണം, എന്തു ചെയ്യരുത് എന്ന കാര്യത്തില്‍ ആരുടെയും കല്പന സ്വീകരിക്കാന്‍ ചൈന തയാറല്ലെന്നു പ്രസിഡന്റ് ഷി ചിന്‍പിംഗ്. ചൈനയില്‍ സാമ്പത്തിക ഉദാരവത്കരണം ആരംഭിച്ചതിന്റെ നാല്പതാം വാര്‍ഷികം പ്രമാണിച്ചു ബെയ്ജിംഗിലെ ഗ്രേറ്റ് ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

1978ല്‍ അന്നത്തെ ചൈനീസ് പ്രസിഡന്റ് ഡെംഗ് സിയാവോപിംഗിന്റെ നേതൃത്വത്തില്‍ ആരംഭിച്ച സാന്പത്തിക പരിഷ്‌കാരത്തെത്തുടര്‍ന്ന് ചൈനയ്ക്കുണ്ടായ വളര്‍ച്ച അദ്ഭുതാവഹമായിരുന്നു. ലോകത്തെ ദരിദ്രരാജ്യങ്ങളുടെ പട്ടികയില്‍നിന്ന് ആഗോളതലത്തില്‍ രണ്ടാമത്തെ സന്പദ് വ്യവസ്ഥയിലേക്ക് ചൈനയ്ക്കു സ്ഥാനക്കയറ്റം ലഭിച്ചു.

തുറന്ന കന്‌പോളവ്യവസ്ഥ സ്വീകരിച്ചതിലൂടെ ചരിത്രപ്രധാനമായ മാറ്റമാണു വരുത്തിയതെന്നു പറഞ്ഞ ചിന്‍പിംഗ് ചൈനയ്ക്ക് ഉത്തരവു നല്‍കാന്‍ ആരും വളര്‍ന്നിട്ടില്ലെന്നും അതിനു മുതിരരുതെന്നും പറഞ്ഞു. യുഎസ് കന്പനികള്‍ക്ക് ചൈനീസ് കന്‌പോളം തുറന്നുകൊടുക്കണമെന്നും ബൗദ്ധികസ്വത്ത് മോഷണത്തിനെതിരേ നടപടി വേണമെന്നും യുഎസ് പ്രസിഡന്റ് ട്രംപ് നിര്‍ദേശിച്ചതിനെ പരോക്ഷമായി പരാമര്‍ശിച്ചാണ് ചിന്‍പിംഗ് ഇതു പറഞ്ഞത്.

ഒന്നര മണിക്കൂര്‍ ദീര്‍ഘിച്ച പ്രസംഗത്തില്‍ സാന്പത്തിക പരിഷ്‌കാരം തുടരുമെന്നു പറഞ്ഞതല്ലാതെ ഇതിനുള്ള വ്യക്തമായ പദ്ധതികള്‍ അദ്ദേഹം മുന്നോട്ടുവച്ചില്ല. സമസ്ത മേഖലകളിലും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വം തുടരും. സാന്പത്തിക പരിഷ്‌കാരം ശരിയായ ദിശയിലാണെന്ന് പാര്‍ട്ടി ഉറപ്പുവരുത്തും.

Exit mobile version