കോവിഡ് മാനദണ്ഡം ലംഘിച്ചു സഹപ്രവര്‍ത്തകയെ ചുംബിച്ചു; ബ്രിട്ടിഷ് ആരോഗ്യമന്ത്രി മാറ്റ് ഹാന്‍കോക്ക് രാജിവെച്ചു

uk health minister | bignewslive

ലണ്ടന്‍: കോവിഡ് മാനദണ്ഡം ലംഘിച്ചു സഹപ്രവര്‍ത്തകയെ ചുംബിച്ച ബ്രിട്ടിഷ് ആരോഗ്യമന്ത്രി മാറ്റ് ഹാന്‍കോക്ക് രാജിവെച്ചു. കോവിഡ് മാനദണ്ഡം ലംഘിച്ചു സഹപ്രവര്‍ത്തകയായ ഗിനയെ ആരോഗ്യമന്ത്രി മാറ്റ് ഹാന്‍കോക്ക് ചുംബിക്കുന്ന ചിത്രങ്ങള്‍ സണ്‍ പത്രം പുറത്തുവിട്ടിരുന്നു.

ഇതിന് പിന്നാലെ വിഷയം സമൂഹമാധ്യമങ്ങളിലടക്കം വന്‍ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. മന്ത്രിക്കെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. ഇതോടെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് ഹാന്‍കോക്ക് രാജിക്കത്ത് കൈമാറുകയായിരുന്നു.

കോവിഡ് പോരാട്ടത്തില്‍ ജീവത്യാഗം ചെയ്യേണ്ടി വന്ന നിരവധി പേരോട് കടപ്പെട്ടിരിക്കുന്നതായും കോവിഡ് നിയന്ത്രണം ലംഘിച്ചതിലൂടെ അവരെ തരംതാഴ്ത്തുകയാണ് ചെയ്തതെന്നും ഹാന്‍കോക്ക് രാജിക്കത്തില്‍ സൂചിപ്പിച്ചു.

വീടിന് പുറത്ത് വ്യക്തികള്‍ തമ്മില്‍ കൃത്യമായ സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദേശം നിലവിലിരിക്കെ ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയറിന്റെ ഓഫീസിലുള്‍പ്പെടെ ഗിനയും മാറ്റ് ഹാന്‍കോക്കും അടുത്തിടപഴകുന്നതായി വാര്‍ത്തകള്‍ പ്രചരിച്ചതോടെയാണ് ആരോഗ്യ മന്ത്രിക്ക് എതിരെ പ്രതിഷേധമുയര്‍ന്നത്.

ആരോപണത്തെ തുടര്‍ന്ന് മാറ്റ് ഹാന്‍കോക്ക് മാപ്പു പറഞ്ഞിരുന്നു. എന്നാല്‍ ഇതിനിടെ ഗിനയെ ചുംബിക്കുന്ന ദൃശ്യം വെള്ളിയാഴ്ച പുറത്തു വന്നു. ഇതോടെയാണ് മാറ്റ് ഹാന്‍കോക്ക് രാജി വച്ചത്.

Exit mobile version